
മലപ്പുറം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം വന്നശേഷമേ കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ അർത്ഥമുള്ളൂവെന്ന് മന്ത്രി കെ.എം.ഷാജി മലപ്പുറത്ത് പറഞ്ഞു. വിഷയത്തിൽ മുസ്ലിം ലീഗിൽ യാതൊരുവിധ പ്രതിസന്ധിയുമില്ല. കഴിഞ്ഞ സർക്കാർ കരാർ ഒപ്പുവച്ചതിന് പിന്നിലെ ഇടനിലക്കാരൻ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് ആയിരുന്നു. എന്നിട്ട് ഉളുപ്പില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാൻ താല്പര്യമില്ല. തന്റെ നിലപാടിനെ ചോദ്യം ചെയ്യാൻ ബ്രിട്ടാസ് ആയിട്ടില്ല. പി.എം ശ്രീയുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്ന പ്രസ്താവന കൺവീനർക്ക് തെറ്റിയതാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
തെരുവുനായ്ക്കളെ കൊല്ലും
തീവ്രരോഗബാധിതരോ അക്രമാസക്തരായതോ ആയ തെരുവുനായകളെ പ്രോട്ടോക്കോൾ പാലിച്ച് കൊല്ലുമെന്ന് മന്ത്രി പറഞ്ഞു. ജനനനിയന്ത്രണത്തിനായി കൂടുതൽ എ.ബി.സി സെന്ററുകളും ഷെൽട്ടറുകളും ആരംഭിക്കും. വളർത്തുനായ്ക്കളുടെ കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളിൽ പൊതുസ്ഥലങ്ങളിൽ തള്ളിയാൽ കടുത്ത പിഴയും ശിക്ഷയും നൽകും. വളർത്തുനായ്ക്കളെ കൃത്യമായി നിരീക്ഷിക്കും. ടാഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഉപസമിതി തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മന്ത്രിസഭാ ഉപസമിതിയുടെ കൈകളിലാണ്. യു.ഡി.എഫ് യോഗത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. മുൻ സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിന്മാറുന്നതിലെ സങ്കീർണ്ണതകളും സാങ്കേതിക പ്രയാസങ്ങളും ഉപസമിതി പരിശോധിക്കും. റിപ്പോർട്ട് വന്ന ശേഷം സർക്കാരും യു.ഡി.എഫും ചേർന്ന് വിഷയം ആലോചിച്ച് അന്തിമ നിലപാട് സ്വീകരിക്കും. പി.എം ശ്രീയിൽ ലീഗിനും കോൺഗ്രസിനും മുന്നണിക്കും ഒറ്റ അഭിപ്രായമാണുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടി.
മന്ത്രി
പി.എം.ശ്രീ ചർച്ച ചെയ്തില്ല
പി.എം ശ്രീ പദ്ധതി യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടില്ല. യു.ഡി.എഫ് യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ല. ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നശേഷം തുടർനടപടി തീരുമാനിക്കും. കേന്ദ്രവുമായി സംസ്ഥാന സർക്കാരിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എൽ.ഡി.എഫ് സർക്കാരാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ജോൺ ബ്രിട്ടാസ് എം.പിയാണ് എല്ലാത്തിനും വഴിയൊരുക്കിയത്.
അടൂർ പ്രകാശ് എം.പി
യു.ഡി.എഫ് കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |