SignIn
Kerala Kaumudi Online
Saturday, 31 October 2026 1.57 PM IST

ആ സംശയം കാരണമായി, ഒരു മിസിംഗ് കേസായി അവസാനിപ്പിക്കേണ്ട പരാതി; ക്രൂരത പുറത്തെത്തിച്ചത് ഷീനയുടെ അന്വേഷണം

sheena
എസ്.എച്ച്.ഒ എൽ. ഷീന

വിഴിഞ്ഞം: ഒരു മിസിംഗ് കേസായി അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി അവസാനിപ്പിക്കേണ്ട,​ ഒരു പരാതിയായിരുന്നു 'ആ‌ന്ധ്രാ സ്വദേശിയായ 19 കാരിയെ കാണാനില്ലെന്ന" പരാതിയും. എന്നാൽ, പരാതിയിൽ പന്തിക്കേട് തോന്നി കോവളം പൊലീസ് സ്റ്റേഷനിലെ വനിത എസ്.എച്ച്.ഒ എൽ. ഷീന (42), നടത്തിയ അന്വേഷണമാണ് സ്പായിലെ ക്രൂര പീഡനം പുറംലോകത്തെത്തിച്ചത്.

മകളെ കാണാതായി രണ്ടുദിവസം കഴിഞ്ഞാണ് യുവതിയും ഭർത്താവും പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. ഇതിൽ സംശയം തോന്നി പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോൺ വാങ്ങി പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. ഒരേ നമ്പരിൽ കുട്ടിക്ക് രണ്ട് ആധാർ. രണ്ടിലും ജനനതീയതി വ്യത്യാസം. തുടർന്ന് അന്വേഷണം അതിവേഗമായിരുന്നു.

കാട്ടാക്കടയിലെ പൊതുപ്രവർത്തകരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ അമ്മയെ കണ്ടെത്തി. തുടർന്ന് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പിന്നെ തെളിവ് ശേഖരണത്തിലേക്ക് നീങ്ങുകയായിരുന്നു.

കുട്ടി കേരളത്തിൽ എത്തും മുൻപ് പഠിച്ചിരുന്ന ആ‌ഡ്രയിലെ സ്കൂളിന്റെ ഫോൺ നമ്പർ, വെബ്സൈറ്റിൽ നിന്ന് കണ്ടെത്തി. അതിൽ വിളിച്ച് നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാൽ ആ നമ്പരിലെ വാട്ട്സാപ്പിൽ ബന്ധപ്പെട്ട്, കുട്ടിയുടെ ആധാർ അയച്ച് നൽകി വയസ് സ്ഥിരീകരിച്ചു.

എന്നാൽ മറുപടി ലഭിക്കാനുള്ള രണ്ട് ദിവസത്തെ ഇടവേളയിൽ പെൺകുട്ടി സുഹൃത്തിനൊപ്പം പോയിരുന്നു. വയസ് സ്ഥിരീകരിച്ചതോടെ പെൺകുട്ടിയെ തിരികെയെത്തിച്ച് സഖിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ അന്വേഷണം സ്പാ കേന്ദ്രീകരിച്ചതോടെ കുടുങ്ങിയത് സെക്സ് റാക്കറ്റിലെ കണ്ണികളുൾപ്പെടെയാണ്. ഇതിനിടെ എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം സംഘത്തിന് കൈമാറി.

എൽ.ഷീനയ്ക്ക് ഇപ്പോൾ കോവളം സ്റ്റേഷനിലെ കൃത്യനിർവഹണത്തിലാണ് ശ്രദ്ധ. പെൺകുട്ടിയുടെ അതേ പ്രായത്തിലുള്ള ഒരു മകനുണ്ട് ഷീനയ്ക്ക്. താൻ കാരണം ഒരു കുഞ്ഞ് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഷീന.

അന്വേഷണം പൂവാറിലേക്ക്

ആന്ധ്ര സ്വദേശിയായ 16കാരിയെ കോവളത്തെ സ്‌പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം പൂവാറിലേക്ക്. കസ്റ്റഡിയിൽ വാങ്ങിയ രണ്ടാംപ്രതിയുമായി ഇന്നലെയും എസ്.ഐ.ടി തെളിവെടുപ്പ് നടത്തി. പൂവാറിലെ ഒരു രഹസ്യ കേന്ദ്രത്തിൽ പരിശോധനയും നടത്തി. വീണ്ടും ഇവിടെ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം പറഞ്ഞു. അറസ്റ്റിലായ 7 പേരിൽ യുവതികൾ ഉൾപ്പെടെ 6പേരും നിലവിൽ റിമാൻഡിൽ തുടരുകയാണ്. പെൺകുട്ടിയുടെ ഇളയമ്മയുടെ കൂടെ താമസിക്കുന്ന യുവാവിനെയാണ് വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി രണ്ടാം ദിവസവും തെളിവെടുപ്പിനെത്തിച്ചത്. മറ്റ് പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.

പൂവാറിൽ നടത്തിയ പരിശോധനയിൽ നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. പെൺകുട്ടിയുടെ ആധാർ കാർഡിൽ കൃത്രിമം കാണിച്ചത് സംബന്ധിച്ചും അന്വേഷണമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHEENA INVESTIGATION, MISSING CASE, TORTURE CASE, POLICE INVESTIGATION, CRIME NEWS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA