
തിരുവനന്തപുരം: വിദേശപഠനത്തിനുള്ള കുട്ടികളുടെ ഒഴുക്ക് കുറയ്ക്കാൻ കേരളത്തിലും വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആരംഭിക്കും. നിലവിലുള്ള മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകളുമായി ചേർന്ന് വിദേശ യൂണിവേഴ്സിറ്റികൾക്ക് ക്യാമ്പസുകൾ തുടങ്ങാം. നയപരമായ തീരുമാനം മന്ത്രിസഭയും യു.ഡി.എഫും എടുത്തശേഷം, ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തും. സർക്കാരിന് മുതൽമുടക്കില്ലാതെ ആഗോള നിലവാരത്തിലുള്ള പഠനാവസരം ലഭ്യമാകുമെന്നതാണ് മെച്ചം. വിദേശ സർവകലാശാലകളോട് തുറന്ന മനസാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ 'കേരളകൗമുദി"യോട് പറഞ്ഞു.
ആഗോള റാങ്കിംഗിൽ 500നകത്തുള്ള വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ അനുവദിക്കുമെന്നാണ് കേന്ദ്രനയം. വിദേശത്തേതിന് തുല്യമായ ബിരുദമാണ് നൽകുക. രണ്ടിടത്തും അംഗീകാരമുണ്ടാവണം. ഓൺലൈൻ, ഓപ്പൺ കോഴ്സുകളുണ്ടാവില്ല. വിദേശത്തേതിന് സമാനമായ സിലബസും മൂല്യനിർണയവുമായിരിക്കും. ഇന്ത്യയിലെയും വിദേശത്തെയും അദ്ധ്യാപകരുണ്ടാവും. യോഗ്യതയും വേതനവും നിശ്ചയിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. ക്യാമ്പസ് പൂട്ടിപ്പോയാൽ പകരം സംവിധാനം യൂണിവേഴ്സിറ്റിയുണ്ടാക്കണം. അപ്പീൽ അധികാരം യു.ജി.സിക്ക്. അത്യാധുനിക കോഴ്സുകളായിരിക്കും ഇവിടങ്ങളിൽ.
കേന്ദ്രനയപ്രകാരം വിദേശസർവകലാശാലാ ക്യാമ്പസിന് യു.ജി.സിയുടെ അനുമതി കിട്ടാൻ സംസ്ഥാനത്തിന്റെ എൻ.ഒ.സി പോലും ആവശ്യമില്ല. വൈദ്യുതി, വെള്ളക്കര സബ്സിഡിയും നികുതിയിളവുകളും സ്റ്റാമ്പ്, ട്രാൻസ്ഫർ, രജിസ്ട്രേഷൻ തീരുവയിളവും നൽകണമെന്ന് സംസ്ഥാനങ്ങളോട് യു.ജി.സി ശുപാർശയുമുണ്ട്. 2024ലെ ബഡ്ജറ്റിൽ വിദേശ സർവകലാശാലകൾക്ക് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്മാറുകയായിരുന്നു. സർക്കാരിന് നിയന്ത്രണവുമില്ലാത്തതും വമ്പൻ ഫീസുള്ളതുമായ വിദേശ സർവകലാശാലകൾ സാധാരണക്കാർക്ക് അപ്രാപ്യമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.
ചുരുങ്ങിയ ചെലവിൽ
ലോകത്തെവിടെയും അംഗീകാരമുള്ള വിദേശ സർവകലാശാലാ കോഴ്സുകൾ പൂർത്തിയാക്കിയാൽ ഉയർന്ന ശമ്പളമുള്ള തൊഴിലിന് സാദ്ധ്യത.
വിദേശ കോഴ്സുകൾ കുറഞ്ഞ ചെലവിൽ പഠിക്കാം. സമർത്ഥർക്ക് ഫീസിളവും സ്കോളർഷിപ്പും നൽകണമെന്ന് യു.ജി.സി നിർദ്ദേശമുണ്ട്.
78രാജ്യങ്ങളിൽ
ഉപരിപഠനത്തിലുള്ളത് 13.2ലക്ഷം പേർ. ഇതിൽ 4%മലയാളികൾ
40,000
മലയാളികൾ പ്രതിവർഷം വിദേശപഠനത്തിന് പോവുന്നു
₹2.48ലക്ഷം കോടി
വിദേശത്തെ പഠനത്തിനായി ഇന്ത്യക്കാർ ചെലവിടുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |