
ആലപ്പുഴ: നേത്രാവതി എക്സ്പ്രസിൽ മകൾക്കൊപ്പം മുംബെയിലേക്ക് യാത്രചെയ്യുകയായിരുന്ന കായംകുളം സ്വദേശിനിയുടെ 14 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. കായംകുളത്ത് നിന്ന് മുംബെയിലെ താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്മിതാ പണിക്കരുടെയും മകൾ ശ്രുതിപണിക്കരുടെയും ആഭരണങ്ങളാണ് കവർന്നത്. ഞായറാഴ്ച പുലർച്ചെ 5.15നും 5.30നും ഇടയിൽ മഡ്ഗാവിനും തിവിമിനും ഇടയിലുള്ള മജോദയ്ക്ക് സമീപമായിരുന്നു കവർച്ച.
താനെ കിസാൻ നഗറിലെ താമസക്കാരിയാണ് സ്മിത പണിക്കരും മകളും. നാട്ടിലെത്തി മടങ്ങും വഴിയാണ് സ്ളീപ്പർ കോച്ചിൽ കവർച്ചയ്ക്ക് ഇരയായത്. മൂന്ന് സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗ് മോഷ്ടാവ് തട്ടിയെടുക്കുകയായിരുന്നു. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോൾ സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് കൈയിലെ ബാഗ് തട്ടിപ്പറിച്ചു. സ്മിത ബാഗിൽ പിടിമുറുക്കിയതോടെ പിടിവലിയായി. ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്മിത രക്ഷപ്പെട്ടത്.
യാത്രക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോക്കർ കവർച്ച സംഘത്തിൽപ്പെട്ട കെ.എൻ നിഖിൽ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കവർച്ചയെക്കുറിച്ച് യാതൊരു സൂചനയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന റെയിൽവേ പൊലീസും ആർ.പി.എഫും അറിയിച്ചു. ഗോവയിലാണ് സംഭവമെന്നതിനാൽ ഗോവ പൊലീസിനാകും അന്വേഷണ ചുമതലയെന്നും ആലപ്പുഴ ആർ.പി.എഫ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |