
കൊച്ചി: രണ്ടു കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ എം.ഡി.എം.എയുമായി രാസലഹരി കടത്ത് സംഘത്തിലെ പ്രധാനികൾ കൊച്ചിയിൽ പൊലീസ് പിടിയിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെന്നാലിപ്പറമ്പ് താഴകത്തുവീട്ടിൽ ടി. സഫീർ (33), മട്ടാഞ്ചേരി പുതിയറോഡിൽ 5/333വീട്ടിൽ നൗഫൽ (32) എന്നിവരെയാണ് പിടി കൂടിയത്.
പാലാരിവട്ടം കറുപ്പത്ത് ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒരു ഗ്രാം എം.ഡി.എം.എയുമായി സഫീറാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തോടെയാണ് ലഹരി ശൃംഖലയുടെ സൂത്രധാരൻ നൗഫലാണെന്ന് വ്യക്തമായത്. ഡാൻസാഫ് സംഘം നൗഫലിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും 14 ഗ്രാം എം.ഡി.എം.എയാണ് ലഭിച്ചത്.
വിശദമായ അന്വേഷണത്തിലാണ് നൗഫൽ വാടകയ്‌ക്കെടുത്ത ഓൺലൈൻ ടാക്‌സി കാറിനെക്കുറിച്ച് വിവരം ലഭിച്ചത്. താമസ സ്ഥലത്തു നിന്ന് നാലു കിലോമീറ്റർ ദൂരെ കരുവേലിപ്പടിയിൽ നിറുത്തിയിട്ടിരുന്ന കാർ ഇന്നലെ രാവിലെ പരിശോധിച്ചപ്പോഴാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്. വാഹനത്തിലെ പുതിയ എയർ കൂളറുകളും കൂളിംഗ് കാബിനറ്റും അഴിച്ചു മാറ്റിയ നിലയിലായിരുന്നു. ഇതിനുള്ളിൽ അഞ്ച് പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഡൽഹിയിലെ ആഫ്രിക്കൻ സ്വദേശികളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് വാങ്ങുന്നത്. പുതിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങി അതിനുള്ളിൽ എം.ഡി.എം.എ ഒളിപ്പിച്ച ശേഷം കമ്പനി മാതൃകയിൽ വീണ്ടും പായ്ക്കു ചെയ്ത് ട്രെയിനിലാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്.
സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശ പ്രകാരം ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടി കൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |