SignIn
Kerala Kaumudi Online
Monday, 14 September 2026 1.58 AM IST

ഗുരുക്കന്മാരുടെ ഓർമ്മകളിൽ വിതുമ്പി മുഖ്യമന്ത്രി വി.ഡി

മരട് (കൊച്ചി): പഠിച്ച ഹൈസ്‌കൂളിന്റെയും വഴികാട്ടിയ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഓർമ്മകളിൽ വിതുമ്പി മുഖ്യമന്ത്രി വി.ഡി.സതീശൻ. സംസാരിക്കാനും പ്രസംഗിക്കാനും പഠിപ്പിച്ചത് ഈ വിദ്യാലയവും അദ്ധ്യാപകരുമാണെന്ന് മുഖ്യമന്ത്രി വികാരനിർഭരനായി ഓർത്തെടുത്തു.

പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ളാസ് മുറികളിലും യുവജനോത്സവങ്ങളിലുമാണ് താൻ പ്രസംഗിച്ചു തുടങ്ങിയത്. വീണ്ടും ഇവിടെ നിൽക്കുമ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഏഴാം ക്ളാസിലാണ് പനങ്ങാട് സ്കൂളിലെത്തിയത്. പത്തുവരെ പഠിച്ചു. ഇവിടത്തെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും സ്നേഹവും കരുതലുമാണ് തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്. നമ്പ്യാർ, ഗോപാലൻ, രാമാനുജൻ, ബാലൻ തുടങ്ങിയ അദ്ധ്യാപകരുടെ രൂപങ്ങൾ ഇപ്പോഴും മനസിലുണ്ട്. പ്രസംഗിക്കാൻ പ്രചോദനം നൽകിയ സംസ്കൃത അദ്ധ്യാപകൻ നമ്പീശനെയും സ്മരിക്കുന്നു. മാവിൽ കുട്ടികൾ കല്ലെറിയുന്ന കാലമായിരുന്നു. എല്ലാവരും മാങ്ങയിലാണ് എറിഞ്ഞുകൊള്ളിക്കുന്നത്. താൻ ഞെട്ടിലായിരുന്നു കൃത്യമായി എറിയുക. ആ ഉന്നമാണ് രാഷ്ട്രീയത്തിൽ പിടിച്ചുനിറുത്തുന്നത്. വിദ്യാലയത്തിനും നാടിനും പ്രത്യേക പരിഗണന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. തനിക്കായി പ്രാർത്ഥിക്കുന്ന ഏവർക്കും നന്ദി- മുഖ്യമന്ത്രി പറഞ്ഞു.

സംഘടനാപ്രസിഡന്റ് കെ.എ.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എൻ.ഷംസുദ്ദീൻ, വി.ഇ.അബ്ദുൽ ഗഫൂർ, റോജി എം.ജോൺ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല, മുൻ എം.എൽ.എ കെ.ബാബു, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് റസീന സലിം, ടി.കെ.ശശിധരൻ, വേണു പുൽപറ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA