SignIn
Kerala Kaumudi Online
Saturday, 20 June 2026 9.43 AM IST

കെ.എസ്.യു  പ്രതിഷേധം : മന്ത്രി  വീണയ്ക്ക്  കഴുത്തിന് ക്ഷതം, പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

READ ENGLISH VERSION
veena

കണ്ണൂർ: തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്ക്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ രാത്രി ഒൻപതു മണിയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നെക്ക് സപ്പോർട്ട് ബെൽറ്റ് ധരിച്ച നിലയിൽ ചികിത്സയിൽ തുടരുകയാണ്.

കഴുത്തിനേറ്റ ക്ഷതം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് എം. ആർ.ഐ. സ്‌കാനിംഗ് നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയ ൻ ജില്ലാ ആശുപത്രിയിൽ മന്ത്രിയെ സന്ദർശിച്ചു.

സംസ്ഥാന വ്യാപകമായി കോൺഗ്രസിനെതിരെ സി.പി.എം പ്രതിഷേധം. ഉണ്ടായത് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പ്രകടമായതെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ അതിനു തെളിവാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

കണ്ണൂർഡി.സി.സി. ഓഫീസിലേക്ക് എസ്.എഫ്‌.ഐ. നടത്തിയ മാർച്ചിൽ സംഘർഷം. കല്ലേറുണ്ടായതിനു പുറമേ, പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. കല്ലേറിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.

മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം സി അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, സി.എച്ച് മുബാസ്, ബിഥുൽ ബാലൻ മുഹമ്മദ് യാസീൻ, എന്നിവരെ അറസ്റ്റുചെയ്തു. ഇവരെ റെയിൽവേ പൊലീസിന് കൈമാറും.

പ്ളാറ്റ് ഫോമിൽ നേരത്തേ

പ്രതിഷേധക്കാർ എത്തി

കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുലിന്റെ നേതൃത്വത്തിൽ അഞ്ചോളം പ്രവർത്തകർ യാത്രക്കാർ എന്ന ഭാവേന ഒന്നാം പ്ളാറ്റ്ഫോമിൽ നിലയുറപ്പിച്ചിരുന്നു.

#3.30 എത്തുന്ന വന്ദേഭാരതിൽ കയറാൻ മന്ത്രി വീണാജോർജ് 3.19ന് മുഖ്യ കവാടത്തിൽ എത്തുന്നു. മുപ്പതിലേറെ പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മന്ത്രി ടിക്കറ്റ് കൗണ്ടറിന്റെ തുറസായ സ്ഥലത്ത് എത്തിയപ്പോഴേക്കും സമരക്കാർ പ്ളാറ്റ് ഫോമിൽ നിന്ന് മുദ്രാവാക്യം മുഴക്കി പുറത്തേക്ക് ചെല്ലുകയായിരുന്നു.

പൊലീസ് പ്രതിഷേധക്കാരെ വളഞ്ഞുപിടിച്ചു. പൊലീസ്

മ ന്ത്രിയെ സുരക്ഷാ വലയത്തിലാക്കിയെങ്കിലും സമരക്കാരുമായി തർക്കിക്കാൻ മന്ത്രി ശ്രമിച്ചു. ഇതു തടയാൻ പൊലീസുകാരും ശ്രമിച്ചു. സമരക്കാരും മന്ത്രിയും അടുത്തടുത്തു വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല.

# മന്ത്രി ലിഫ്ട് വഴി മൂന്നാം പ്ളാറ്റ് ഫാേമിലേക്ക് പോയി. കഴുത്തു തടവുന്നുണ്ടായിരുന്നു.

ദൃശ്യങ്ങൾ എടുത്ത മാദ്ധ്യമ പ്രവർത്തകർക്കു നേരെയും ദേഷ്യത്തോടെ സംസാരിച്ചു. നിങ്ങൾ ഇവിടെ ഉള്ളപ്പോൾ പ്രതിഷേധ സാധ്യത ഞാൻ കരുതിയതാണ്. ഇനിയും പ്രതിഷേധക്കാർ ഉണ്ടോ എന്നും മന്ത്രി ചോദിക്കുന്നുണ്ടായിരുന്നു.

#മൂന്നാം പ്ളാറ്റ് പ്ളാറ്റ് ഫോമിൽ എത്തിയ മന്ത്രി സ്പീക്കർ എ.എൻ. ഷംസീറിനോട് കഴുത്തു വേദനിക്കുന്നതായി പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. വീണാ ജാേർജിന് ഫോൺ കൊടുത്തു. ആശുപത്രിയിൽ പോകാൻ മുഖ്യമന്ത്രിയും ഉപദേശിച്ചു. എ.കെ.ജി. ആശുപത്രിയിൽ പോകാൻ ഷംസീർ ഉപദേശിച്ചെങ്കിലും സർക്കാർ ആശുപത്രി മതിയെന്ന് വീണ പറഞ്ഞു.

ഇലക്ട്രിക് കാറിൽ മന്ത്രിയെ സ്റ്റേഷന് പുറത്ത് എത്തിച്ചു. വൻ പൊലീസ് സന്നാഹത്തോടെ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്ര ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA