SignIn
Kerala Kaumudi Online
Friday, 11 September 2026 7.36 AM IST

അവകാശത്തർക്കം വേണ്ട: വാഹനങ്ങൾക്ക് പിന്തുടർച്ചാവകാശിയെ നിശ്ചയിക്കാം !

v

തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് ഇനി മുതൽ പിന്തുടർച്ചാവകാശിയെ നിശ്ചയിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ നിർദ്ദേശിക്കാനുള്ള അവസരം വാഹന ഉടമയ്ക്ക് നൽകികൊണ്ട് വാഹന രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ ആവശ്യമായ മാറ്റം വരുത്തി. ഉടമയുടെ മരണത്തെ തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും തുടർന്നുള്ള കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനുമാണിത്.

നിലവിൽ ഉടമ മരിച്ചാൽ അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കുന്നത്. അവകാശികൾ തമ്മിൽ സമവായം ഉണ്ടായെങ്കിൽ മാത്രമേ ഇതിന് കഴിയൂ. എല്ലാവരും മോട്ടോർവാഹനവകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രവും നൽകണം. അവകാശികൾ അറിയാതെ വാഹനങ്ങൾ ബന്ധുക്കൾ കൈവശപ്പെടുത്തി വില്പന നടത്തിയ നിരവധി സംഭവങ്ങളുണ്ട്. അവകാശ തർക്കവുമായി ബന്ധപ്പെട്ട് 400 ഓളം കേസുകൾ നിലവിലുണ്ട്. ഇതിനൊക്കെ പരിഹാരമായാണ് പുതിയ സംവിധാനം.

ചെയ്യേണ്ടത് ഇങ്ങനെ
 രജിസ്‌ട്രേഷൻ രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉൾക്കൊള്ളിച്ചവർക്ക് മാത്രമാണ് അവസരം

 https://vahan.parivahan.gov.in/ എന്ന വെബ് സൈറ്റിൽ ആഡ് നോമിനി എന്ന ഒാപ്ഷൻ തിരഞ്ഞെടുക്കണം.

 എൻജിൻ- ഷാസി നമ്പരുകൾ, രജിസ്‌ട്രേഷൻ തീയതി, രജിസ്‌ട്രേഷൻ കാലാവധി എന്നിവ രേഖപ്പെടുത്തണം.

 നോമിനിയുടെ പേര്, ഉടമയുമായുള്ള ബന്ധം എന്നിവയും രേഖപ്പെടുത്തണം.

 ഉടമ മരിച്ചാൽ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാം

 മരണസർട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം

 സേവനം സൗജന്യം


 ഒ.ടി.പി സൗകര്യം

രജിസ്‌ട്രേഷൻ രേഖകളിൽ ഉടമയുടെ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റാം. ഒറ്റത്തവണ പാസ്‌വേർഡ് (ഒ.ടി.പി) ഈ നമ്പരിലേക്കാവും വരിക. ഒ.ടി.പി ഇല്ലാതെ അപേക്ഷ പൂർത്തീകരിക്കാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE OWNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA