
തിരുവനന്തപുരം: കയറ്റുമതി,ഇറക്കുമതി അടക്കം എക്സിം പ്രവർത്തനങ്ങൾ കൂടി തുടങ്ങിയതോടെ വിഴിഞ്ഞം റെയിൽ കണക്ടിവിറ്റിക്ക് നടപടികൾ തുടങ്ങി.
വിഴിഞ്ഞം- ബാലരാമപുരം പാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനമായി.പുറമ്പോക്ക് ഭൂമിക്ക് പുറമേ, ഏകദേശം 2.3195 ഹെക്ടർ ഭൂമി വ്യക്തികളിൽ നിന്ന്
ഏറ്റെടുക്കും.നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിലാണ് ഭൂമി.ഇതിൽ 26വസ്തുക്കളും നിലമാണ്.ബാക്കിയെല്ലാം പുരയിടങ്ങളാണ്.
മുൻ വിജ്ഞാപനത്തിൽ ഉൾപ്പെടാതിരുന്ന സ്ഥലങ്ങളും ഏറ്റെടുക്കൽ പരിധിയിൽ ഉൾപ്പെടുത്തി.പള്ളിച്ചൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 5ലെ റീസർവേ നമ്പറുകൾ 474, 479, 481, 482 എന്നിവയിൽ ഉൾപ്പെട്ട 15 എൽ.എ. സബ് ഡിവിഷനുകളും ബാലരാമപുരം വില്ലേജിലെ ബ്ലോക്ക് നമ്പർ 13ലെ വിവിധ റീസർവേ നമ്പറുകളിലെ 24 എൽ.എ. സബ് ഡിവിഷനുകളും ഉൾപ്പെടുത്തി.
2026 ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച മുൻ വിജ്ഞാപനത്തിൽ 0.8802 ഹെക്ടർ ഭൂമിയായിരുന്നു ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്നത്.
റെയിൽപ്പാത യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരെ വേഗത്തിലും ചിലവ് കുറഞ്ഞ രീതിയിലും എത്തിക്കാൻ സാധിക്കും.
10.7കിലോമീറ്ററാണ് റെയിൽപ്പാതയുടെ നീളം.ഇതിൽ 9 കിലോമീറ്റർ തുരങ്കപാതയാണ്.1482കോടിയാണ് ചെലവ്.കേന്ദ്രസർക്കാർ ഇത് ഗതിശക്തി നാഷണൽ മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാത നിർമ്മാണം വേഗത്തിലാക്കാൻ ബാലരാമപുരത്തിനടുത്തുള്ള കട്ടച്ചൽക്കുഴിയിലെ നാളികേര ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും കേരള കാർഷിക സർവകലാശാലയുടെ ഭൂമിയും തുരങ്കപാതയുടെപരിധിയിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബാലരാമപുരം വിഴിഞ്ഞം ഭൂഗർഭ റയിൽപ്പാതയ്ക്ക് പുറമെ, വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് എന്നീ പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കാനും സർക്കാർ നടപടികളാരംഭിച്ചിട്ടുണ്ട്.കൂടാതെ ബാലരാമപുരത്ത് ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിന്റെ സ്ഥലത്ത് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ നിർമ്മാണവും തുടങ്ങിയിട്ടുണ്ട്.അത് ആറുമാസത്തിനുള്ളിൽ പൂർത്തിയാകും.
ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം . വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |