SignIn
Kerala Kaumudi Online
Thursday, 06 August 2026 4.34 AM IST

ശശി തരൂർ പറഞ്ഞതിൽ എന്താണ് തെറ്റ്? അദ്ദേഹം പഠിക്കാതെ പറയില്ലെന്ന് സുരേഷ് ഗോപി; വാക്കുകൾ വക്രീകരിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

READ ENGLISH VERSION

suresh-gopi

കോഴിക്കോട്: ഹമാസ് തീവ്രവാദ സംഘടനയാണെന്ന ശശി തരൂർ എംപിയുടെ പരാമർശത്തിൽ പ്രതികരിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഹമാസ് ഭീകരപ്രവർത്തനം നടത്തിയെന്ന് പറയുന്നതിൽ തെറ്റില്ല. ഹമാസ് മുസ്ളീം വംശത്തിന്റെ ശത്രുവാണെന്ന് താൻ മുൻപ് പറഞ്ഞിട്ടുണ്ട്.അതേ തരൂരും ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് സുരേഷ് ഗോപി പറഞ്ഞു.

'ശശി തരൂർ പറഞ്ഞതിൽ എന്താണ് തെറ്റ്. കോൺഗ്രസുകാരെന്താ മനുഷ്യരല്ലേ. കോൺഗ്രസായാലും ബി ജെ പിയായാലും മുസ്ളീം ലീഗ് ആയാലും അതിൽ മനുഷ്യരല്ലേ ഉള്ളത്. അവർക്ക് അവരുടെ അഭിപ്രായം പറയാൻ പാടില്ലേ. അവർ കണ്ടതും മനസിലാക്കിയതും അവർക്ക് പറയാം. ശശി തരൂരിനെ പോലെയൊരാൾ പഠിക്കാതെ പറയില്ല.

ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്, മുസ്ളീങ്ങളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. അവിടെനിന്ന് വിളിച്ച ഇസ്രയേലി മലയാളികളോടും ഞാൻ ഇത് പറഞ്ഞതാണ്. മുസ്ളീം വംശത്തിന്റെ ശത്രുവാണ് ഹമാസ്. മുസ്ളീങ്ങളാണ് അവരെ തീർക്കേണ്ടത്.

അതുതന്നെയേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ, അതിൽ ഒരു തെറ്റുമില്ല. അദ്ദേഹം അടിയുറച്ച കോൺഗ്രസ് അനുഭാവിയാണ്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു തുടങ്ങിയവരുടെ അനുചരൻ തന്നെയാണ്. എന്നാൽ അതുകൊണ്ട് ചില സത്യങ്ങൾ പറയാൻ പാടില്ലെന്ന് നിർബന്ധിക്കരുത്. പാലസ്‌തീനിൽ ഉള്ളതും മനുഷ്യർ തന്നെയാണ്. യുദ്ധവും ഹത്യയുമെല്ലാം അവസാനിക്കണം.

ഒരു തീവ്രവാദിയും ഇവിടെ വാഴേണ്ട, അവശേഷിക്കേണ്ട. ഞാൻ മനുഷ്യനെന്ന നിലക്കാണ് പറഞ്ഞത്, ബി ജെ പിക്കാരനായല്ല. ബി ജെ പിയുടെയും കോൺഗ്രസിന്റെയും മുസ്ളീം ലീഗിന്റെയും തലയിൽ കെട്ടിവയ്ക്കേണ്ട, മനുഷ്യരുടെ അഭിപ്രായമാണത്. മനുഷ്യൻ അവരുടെ ഹൃദയം കൊണ്ട് കാണുന്നതും മനസിലാക്കിയതുമായ സത്യം പ്രചരിപ്പിക്കുന്നതാണെന്ന് മാത്രം മനസിലാക്കിയാൽ മതി'- സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, റാലിയിലെ നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകൾ ആരും വക്രീകരിക്കാൻ നോക്കേണ്ടന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ടെ റാലിയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ചത് അന്താരാഷ്‌ട്ര ശ്രദ്ധ കിട്ടാനാണെന്നും റാലിക്ക് വലിയ ഉദ്ദേശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

'പ്രസംഗത്തിലെ വാക്കുകൾ വക്രീകരിക്കാൻ നോക്കേണ്ട. അതിന് ശ്രമിക്കുന്ന ചില കേന്ദ്രങ്ങളുണ്ട്. അതാരാണെന്ന് ഞങ്ങൾക്ക് മനസിലായിട്ടുണ്ട്. ഇതുപോലെ റാലി നടത്തുക അത്ര എളുപ്പമല്ല. ഗൗരവസ്വഭാവമുള്ള വിഷയം അച്ചടക്കത്തോടെ നടത്താൻ മുസ്ളീം ലീഗിന് സാധിച്ചു. ലോകത്തെമ്പാടും റാലി ചർച്ചയായി. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾവരെ ഏറ്റെടുത്തു. ഒരു റാലി കൊണ്ട് ഇത് തീരുന്നില്ല. പലസ്‌തീനുള്ള ഐക്യദാർഢ്യമാണ് വിഷയം. ഇതിനെതിരെ ആര് പറഞ്ഞാലും ഒരു ജനതയോട് ചെയ്യുന്ന ക്രൂരതയാവും അത്.

ശശി തരൂർ ഇന്നും പറഞ്ഞത് പാലസ്‌തീന് ഒപ്പമാണെന്നാണ്. ഇതൊരു ഇഷ്യൂവാക്കേണ്ട കാര്യമില്ല. മറ്റുവല്ല വിശദീകരണവും വേണമെങ്കിൽ അദ്ദേഹം പറയും. ഒറ്റവരിയിൽ പിടിച്ച് പാലസ്‌തീൻ വിഷയത്തെ ഇല്ലാതാക്കാൻ നോക്കേണ്ട. എം കെ മുനീറും സമദാനിയുമടക്കം എല്ലാവരും പറഞ്ഞത് മുസ്ളീം ലീഗിന്റെ വിഷയത്തിലെ നിലപാടാണ്. അതിനെക്കുറിച്ച് ഇനി അധികം പറയാനില്ല'- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, SHASHI THAROOR, HAMAS, MUSLIM LEAGUE RALLY, PK KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA