SignIn
Kerala Kaumudi Online
Sunday, 27 September 2026 12.19 AM IST

വ്യാജ സർട്ടിഫിക്കറ്റ് നൽകി ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമം; പെറ്റ് ഷോപ്പ് ഉടമ വനംവകുപ്പിന്റെ പിടിയിൽ

binoy-s-manoharan
ഗ്രീൻ ഇഗ്വാന,​ ബിനോയ് എസ് മനോഹരൻ

തിരുവനന്തപുരം: വ്യാജ രേഖ തയ്യാറാക്കി സംരക്ഷിത വിദേശ ജീവിയായ ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച കേസിൽ പെറ്റ് ഷോപ്പ് ഉടമ അറസ്റ്റിൽ. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പേരിലാണ് വ്യാജരേഖ ഉണ്ടാക്കി ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ചത്. വിഴിഞ്ഞം ചൊവ്വര സ്വദേശി ബിനോയ് എസ് മനോഹരൻ (32) ആണ് അറസ്റ്റിലായത്. വിളപ്പിൽ പഞ്ചായത്തിലെ 'പെറ്റ്സ് എംപോർ' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ.

വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗ്രീൻ ഇഗ്വാനയെ കണ്ടെത്തിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ 2022ലെ ഭേദഗതി പ്രകാരം ഷെഡ്യൂൾ IV, അപ്പെൻഡിക്സ് II വിഭാഗത്തിൽ ഉൾപ്പെട്ട ജീവിയാണിത്. ഇത്തരത്തിലുള്ള ജീവികളെ കൈവശം വയ്ക്കാനും വിൽക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ആവശ്യമാണ്.

ഇതിനായി ‘Dr. Rajeev R, Chief Wildlife Warden, Kerala Forest & Wildlife Department’ എന്ന പേരിൽ വ്യാജ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റാണ് പ്രതി തയ്യാറാക്കിയതെന്ന് വനംവകുപ്പ് കണ്ടെത്തി. 200 രൂപ നിരക്കിൽ സർട്ടിഫിക്കറ്റ് നൽകിയാണ് ഗ്രീൻ ഇഗ്വാനകളുടെ വിൽപ്പന നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ വിവരം. വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് ബംഗളൂരുവിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

വ്യാജരേഖ നിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്നും കേസിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. വിദേശ ജീവികളെ അനധികൃതമായി കൈവശംവയ്ക്കുകയും വിൽപ്പനയ്ക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

English Summary

A pet shop owner, Binoy S. Manoharan, has been arrested in Thiruvananthapuram for attempting to sell a protected Green Iguana using a fake certificate. The fraudulent document was prepared in the name of the Kerala Chief Wildlife Warden. This protected foreign species requires official permission for possession and sale. Authorities are investigating further connections in the fake document racket.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE CERTIFICATE, BUSTED, GREEN IGUANA, VIZHINJAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA