SignIn
Kerala Kaumudi Online
Monday, 06 July 2026 4.17 AM IST

വിമതരെച്ചൊല്ലി ഭിന്നസ്വരം എം.വി. ജയരാജനെ തള്ളി എം.വി. ഗോവിന്ദൻ

f

കണ്ണൂർ: തെറ്റു തിരുത്തിയാൽ പാർട്ടിവിട്ട വിമത എം.എൽ.എമാരെ തിരിച്ചെടുക്കാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്റെ പ്രസ്താവനയിൽ സി.പി.എമ്മിൽ അഭിപ്രായ വ്യത്യാസം. ജയരാജന്റെ പ്രസ്താവനയെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തള്ളി. ആരുടെ തെറ്റാണ് ആദ്യം തിരുത്തേണ്ടതെന്ന ചോദ്യവുമായി വിമത എം.എൽ.എമാരായ ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും രംഗത്തെത്തി.


പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുപറ്റിയെന്ന് സമ്മതിച്ച ജയരാജൻ, തെറ്റുതിരുത്തിയാൽ ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസമില്ലെന്ന് ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. എം.വി.രാഘവനെയും കെ.ആർ.ഗൗരിഅമ്മയെയും അവസാനകാലത്ത് പാർട്ടി സ്വീകരിച്ച ചരിത്രവും ചൂണ്ടിക്കാട്ടി. നയപരമായ പിഴവുകളുടെ പേരിൽ കമ്മ്യൂണിസ്റ്റുകാരെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തുന്ന പാർട്ടിയല്ല തങ്ങളുടേതെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, ജയരാജന്റെ നിലപാട് പാർട്ടിയുടേതല്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ തന്നെയാണ്. ജി.സുധാകരനും ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണനും ചെയ്തത് പാർട്ടിയെ വഞ്ചിക്കലും ചതിയുമാണ്. ഓരോരുത്തരും ഓരോ ചാനലിലിരുന്ന് പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നും പറഞ്ഞു. പിന്നാലെ നിലപാട് വിശദീകരിച്ച് എം.വി.ജയരാജൻ വീണ്ടും രംഗത്തെത്തി. തിരുത്താത്ത പക്ഷം വിമതരായി മത്സരിച്ചവർ വഞ്ചകർ തന്നെയാണെന്ന് വ്യക്തമാക്കി.

'ആർക്കാണ്

തെറ്റുപറ്റിയത്'

താൻ ചെയ്ത തെറ്റ് എന്താണെന്ന് പാർട്ടി ആദ്യം വ്യക്തമാക്കണമെന്നും തെറ്റ് ചൂണ്ടിക്കാട്ടാതെ തിരുത്താൻ കഴിയില്ലല്ലോ എന്നും വി.കുഞ്ഞികൃഷ്ണൻ. താൻ എന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരും. വേറെ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ല. തന്നെ ബോധപൂർവം യു.ഡി.എഫുകാരനാക്കി ചിത്രീകരിക്കാനുള്ള വാശിയിലാണ് സി.പി.എമ്മും മുഖപത്രവും. പാർട്ടിയാണ് പുറത്താക്കിയത്. താൻ പാർട്ടി വിട്ടതല്ല. താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയതെന്നും യഥാർത്ഥ വർഗവഞ്ചകർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും ടി.കെ.ഗോവിന്ദൻ. എം.വി.രാഘവൻ ബോധമില്ലാത്ത അവസ്ഥയിലും സി.എം.പി രാഘവന്റെ മരണശേഷവുമാണ് പാർട്ടിയിലേക്ക് മടങ്ങിയതെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA