
കണ്ണൂർ: പരാജയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പയ്യന്നൂരിൽ നടത്തിയത് ഭീഷണിയുടെ സ്വരമാണെന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. തെറ്റ് തിരുത്താൻ പാർട്ടി ഒരുക്കമല്ല. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടും വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയും ജില്ലാ സെക്രട്ടറിയും നടത്തിയത്. മാസപ്പടി കേസ് ഉൾപ്പെടെയുള്ളവയിൽ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതി. തന്റെ പുസ്തക പ്രകാശനം ജനുവരി 4നും വോട്ടെടുപ്പ് ഏപ്രിൽ 9നും നടന്നെന്നും ഇതിനിടയിലുള്ള കാലയളവിൽ ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റാൻ പാർട്ടിക്ക് അവസരമുണ്ടായിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ തനിക്ക് ഒറ്റയ്ക്ക് സാധിച്ചെങ്കിൽ അത്രയും കാലം പാർട്ടി എന്ത് തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്ന് ജനം ചോദിക്കുമെന്നും കുഞ്ഞികൃഷ്ണൻ പരിഹസിച്ചു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതുവരെ താൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി ചർച്ചയോ ധാരണയോ നടത്തിയിട്ടില്ല. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമാണ് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചത്. കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും വി.എസിന്റെയും പേര് ഉച്ചരിക്കാൻ എല്ലാവർക്കും അവകാശമുള്ളതുപോലെ ധനരാജിന്റെ പേര് പറയാൻ അവകാശമുണ്ട്. ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടും മുൻപും ഇതുപോലൊരു വിശദീകരണയോഗം നടത്തിയിട്ടുണ്ട്. അതിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് ടി.പി.കൊല്ലപ്പെട്ടതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഫേസ്ബുക്കിലും വിമർശനം
ഫേസ്ബുക്കിൽ പങ്കുവച്ച ദീർഘമായ കുറിപ്പിൽ സാമ്പത്തികാഭിവൃദ്ധിക്കായി പാർട്ടിയെ ഉപയോഗപ്പെടുത്തിയ പിണറായി വിജയന്റെ ബോധമല്ല, മറിച്ച് യഥാർത്ഥ കമ്യൂണിസ്റ്റ് ബോധമാണ് പയ്യന്നൂരിലെ സഖാക്കളെ നയിക്കുന്നതെന്ന് കുറിച്ചു. 1957ൽ ഇ.എം.എസ് മന്ത്രിസഭാ കാലത്ത് ചന്ദനത്തോപ്പ് വെടിവയ്പ്പ് ന്യായീകരിക്കേണ്ടിവന്ന സഖാവ് കെ. ദാമോദരന് പിന്നീട് നേരിടേണ്ടിവന്ന മനോവിഷമവും പശ്ചാത്താപവും അനുസ്മരിച്ചുകൊണ്ട്, തെറ്റുകൾ ന്യായീകരിക്കാനാവാതെ ഉറക്കം നഷ്ടപ്പെട്ട ആ പാരമ്പര്യത്തിൽനിന്നല്ല ഇന്നത്തെ നേതൃത്വം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |