
പത്തനംതിട്ട: ആറന്മുളയിലെ തോൽവിയിൽ സി.പി.എം പത്തനംതിട്ട ജില്ലാകമ്മിറ്റിയിൽ ഉണ്ടായ വിമർശനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻമന്ത്രി വീണാ ജോർജ്. മത്സരിക്കാൻ താത്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ താൻ അറിയിച്ചിരുന്നതാണ്. ഇത് ചെവിക്കൊണ്ടില്ല. സ്ഥാനാർത്ഥിയാകാൻ മറ്റാരുമില്ല എന്നു പറഞ്ഞ് നിർബന്ധിച്ചാണ് സ്ഥാനാർത്ഥിയാക്കിയക്, പാർട്ടി നിർദ്ദേശം അനുസരിച്ചാണ് മത്സരിച്ചത്. തോൽവിയുടെ ഭാരം തന്നിൽമാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും വീണ ജില്ലാകമ്മിറ്റിയിൽ പറഞ്ഞു.
ആറൻമുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിന്റെ തോൽവിക്ക് കാരണമായത് അവരുടെ പെരുമാറ്റരീതിയാണെന്നാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നത്. ആരു വിളിച്ചാലും ഫോണെടുക്കാത്ത മന്ത്രിയുടെ പെരുമാറ്റം പ്രവർത്തകർക്കിടയിലും അവമതിപ്പുണ്ടാക്കിയെന്നും അഭിപ്രായമുണ്ടായി. പിണറായി വിജയനെതിരെയും യോഗത്തിൽ ശബ്ദമുയർന്നു. പേരാവൂരിൽ സീറ്റ് നൽകി മുൻ മന്ത്രി കെ.കെ.ശൈലജയെ കുരുതി കൊടുത്തു. പിണറായിയുടെ ഈഗോയാണ് കാരണം. കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധമുണ്ടായപ്പോൾ വീണാ ജോർജ് നടത്തിയത് നാടകമാണെന്ന് ജനം വിശ്വസിച്ചു. നേതാക്കളായ തോമസ് ഐസക്, സജിചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കമ്മിറ്റി നാളെയും തുടരും.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റിലും അതിരൂക്ഷ വിമർശനമാണ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി വീണാ ജോർജിനുമെതിരെ അംഗങ്ങൾ ഉന്നയിച്ചത്. എം.വി.ഗോവിന്ദൻ പാർട്ടിയെ നയിക്കുന്നതിന് പകരം ഭാര്യയ്ക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രദ്ധിച്ചത്. കണ്ണൂരിലെ പാർട്ടിയിലെ വലിയ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് ഇടതുപാർട്ടി അനുഭാവികളെ നിരാശയിലാക്കി. പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻവേണ്ടിയാണെന്നും വിമർശനമുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |