
തിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് നടത്തുന്ന സ്പെഷ്യൽ സ്ട്രേവേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ഓപ്ഷൻ നൽകാൻ മുക്കാൽ ലക്ഷം രൂപ വരെ രജിസ്ട്രേഷൻ ഫീസ് നൽകണമെന്ന് വിജ്ഞാപനം. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ ഓപ്ഷൻ നൽകാനുള്ള രജിസ്ട്രേഷൻ ഫീസ് 10,000 രൂപയാണ്. സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഒരുമിച്ച് ഓപ്ഷൻ നൽകണമെങ്കിൽ 25,000രൂപ അടയ്ക്കണം. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് കോഴ്സിന് ഓപ്ഷൻ നൽകാൻ അരലക്ഷം രൂപയാണ്.
സർക്കാർ, സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ ഒരുമിച്ച് ഓപ്ഷൻ നൽകാൻ മുക്കാൽലക്ഷം നൽകണം. മൂന്ന് സ്ട്രേവേക്കൻസി അലോട്ട്മെന്റ് നടത്തിയിട്ടും ഒഴിഞ്ഞുകിടക്കുന്ന സീറ്രുകളിലേക്കാണിത്.
പട്ടികവിഭാഗക്കാർ, ഒ.ഇ.സി, മത്സ്യതൊഴിലാളികളുടെ മക്കൾ, ഒ.ഇ.സി ആനുകൂല്യങ്ങൾക്ക് അർഹമായ മറ്റു സമുദായങ്ങളിൽപ്പെട്ടവർ, ശ്രീ ചിത്രാഹോം, ജുവനൈൽഹോം, നിർഭയഹോം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എന്നിവരെയും രജിസ്ട്രേഷൻ ഫീസിൽ നിന്നൊഴിവാക്കിയിട്ടില്ല. ഇവർ 10,000 രൂപ നൽകണം. സ്വാശ്രയ കോളേജുകളിലെ എൻ.ആർ.ഐ, ന്യൂനപക്ഷ സീറ്റുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ മുക്കാൽ ലക്ഷം വരെ ഫീസടയ്ക്കണം. എൻട്രൻസ് റാങ്കിൽ മുന്നിലെത്തിയ സാധാരണക്കാർ ബാങ്ക്‌വായ്പയെടുത്താണ് ഫീസടയ്ക്കുന്നത്. പ്രവേശനം ലഭിച്ചശേഷമാണ് വായ്പ ബാങ്ക് പാസാക്കുന്നത്. ഇവർക്ക് അവസരം നഷ്ടമാക്കുന്ന നടപടിയാണ് എൻട്രൻസ് കമ്മിഷണറേറ്റിന്റേതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞവർഷവും രജിസ്ട്രേഷന് ഫീസുണ്ടായിരുന്നെങ്കിലും ഇത്ര വലിയ ഫീസായിരുന്നില്ല.
ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ
രജിസ്ട്രേഷൻ ഫീസ് അടച്ചശേഷമേ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനാവൂ. അതിനുശേഷം ഒരു തരത്തിലുള്ള മാറ്റവും ഫീസ് ഇനത്തിൽ അനുവദിക്കില്ല. ഗവ. മെഡിക്കൽ/ ഡെന്റൽ കോളേജുകളിൽ സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് വഴി അലോട്ട്മെന്റ് ലഭിക്കുന്നവരുടെ ഫീസിൽ രജിസ്ട്രേഷൻ തുക വകയിരുത്തും. പ്രവേശന നടപടികൾ അവസാനിച്ചശേഷം അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകും. 6ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിലാണ് ഓപ്ഷൻ നൽകാനാവുക. പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കാണ് അവസരം. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് മാറ്റം അനുവദിക്കില്ല. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടിയവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്താൽപ്പോലും ഈ അലോട്ട്മെന്റിന് പരിഗണിക്കില്ല.
സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനെന്ന്
1. സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഓപ്ഷന് രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നതെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റിന്റെ വിശദീകരണം. പ്രവേശനം നേടുമെന്ന് ഉറപ്പുള്ള കോളേജുകളിലും കോഴ്സുകളിലും മാത്രം ഓപ്ഷൻ നൽകണമെന്ന നിർദ്ദേശവുമുണ്ട്.
2. സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനു ശേഷവും കാലിയാവുന്ന സീറ്റുകളിലേക്ക് വീണ്ടും അലോട്ട്മെന്റ് നടത്തും.
''സീറ്റുകൾ ലാപ്സാവാതിരിക്കാനാണ് രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയത്.''
-എൻട്രൻസ് കമ്മിഷണറേറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |