SignIn
Kerala Kaumudi Online
Wednesday, 03 June 2026 8.41 PM IST

മലയാളികളല്ല രാജ്യത്തെ ഒന്നാം നമ്പര്‍ 'കുടിയന്‍മാര്‍'; ഒന്നാം സ്ഥാനം തൂക്കിയത് ഈ സംസ്ഥാനം, കേരളം ബഹുദൂരം പിന്നില്‍

READ ENGLISH VERSION
liquor

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആറാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ (NFHS-6) പ്രകാരം മദ്യ ഉപയോഗത്തിന്റെ കാര്യത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഏറെ പിന്നില്‍. 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മദ്യോപയോഗ നിരക്ക് പരിശോധിച്ച പട്ടികയില്‍ 19-ാം സ്ഥാനത്താണ് കേരളം.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ 50.5% നിരക്കുമായി അരുണാചല്‍ പ്രദേശാണ് ഒന്നാമത്. 43.9% ഉള്ള തെലങ്കാന രണ്ടാമതുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാട് (23.5%), ആന്ധ്രാപ്രദേശ് (23.3%) എന്നിവയെല്ലാം മദ്യോപയോഗത്തില്‍ കേരളത്തേക്കാള്‍ മുന്നിലാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ പുരുഷ മദ്യോപയോഗ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ് (22.7%).

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് മദ്യോപയോഗ നിരക്കില്‍ വലിയ നിയന്ത്രണം ദൃശ്യമാണ്. 2005-06 കാലഘട്ടത്തിലെ സര്‍വേയില്‍ കേരളത്തിലെ പുരുഷന്മാരുടെ മദ്യോപയോഗം 45 ശതമാനമായിരുന്നു. അവിടെ നിന്നാണ് വിപണി നിയന്ത്രണങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും നിലവിലെ 22.7 ശതമാനത്തിലേക്ക് നിരക്ക് പകുതിയോളമായി കുറഞ്ഞിരിക്കുന്നത്. 2019-20ലെ മുന്‍ സര്‍വേയില്‍ ഇത് 19.9 ശതമാനം ആയിരുന്നു. ഗ്രാമീണ മേഖലയിലെ 23.7 ശതമാനം പുരുഷന്മാരും നഗര മേഖലയിലെ 21.5 ശതമാനം പുരുഷന്മാരും മദ്യം ഉപയോഗിക്കുന്നതായി പുതിയ സര്‍വേ വ്യക്തമാക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ക്കിടയിലെ മദ്യോപയോഗം 0.3 ശതമാനം എന്ന വളരെ കുറഞ്ഞ നിരക്കിലാണ്.

കേന്ദ്ര സര്‍വേയില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്‍ സര്‍വേയെ അപേക്ഷിച്ച് നേരിയ വര്‍ധന കാണിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ ഔദ്യോഗിക മദ്യവില്‍പ്പന ശൃംഖലയായ ബെവ്‌കോയുടെ (Bevco) യഥാര്‍ത്ഥ കണക്കുകള്‍ ഇതിന് വിരുദ്ധമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 3.35 കോടി കെയ്‌സ് മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചിരുന്നതെങ്കില്‍, 2023-24ല്‍ അത് 3.30 കോടി കെയ്‌സുകളായി കുറയുകയാണ് ചെയ്തത്.

കഴിഞ്ഞ 10 വര്‍ഷം ശക്തമായ നിയന്ത്രണത്തിലൂടെയും നിരീക്ഷണത്തിലൂടെയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയെ തികച്ചും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോയതും ?ഗുണകരമായി. മറ്റ് സംസ്ഥാനങ്ങളില്‍ പെട്ടിക്കടകളിലും വഴിയോരത്തും യാതൊരു സുരക്ഷയുമില്ലാതെ സുലഭമായി മദ്യം ലഭിക്കുകയും, ആളുകള്‍ വ്യാജമദ്യം വാങ്ങി കുടിച്ച് മരണത്തിന് കീഴടങ്ങുന്നതുമായ റിപ്പോര്‍ട്ടുകളാണ് ദിവസേന പുറത്തുവരുന്നത്. തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യദുരന്തമെന്ന വലിയ വിപത്തനുഭവിക്കുകയാണ്.

മദ്യനിരോധനമുള്ള ബിഹാറിലും ഗുജറാത്തിലും ക്രിമിനല്‍ സംഘങ്ങളാണ് സമാന്തര വിപണി ഭരിക്കുന്നത്. ഇന്ത്യയിലെ മൊത്തം മദ്യോപയോഗത്തിന്റെ ഏകദേശം 40 ശതമാനവും വ്യാജ/അനധികൃത വിപണിയില്‍ നിന്നാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ഒരു മദ്യദുരന്തം പോലും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നത് വലിയ നേട്ടമാണ്. കര്‍ശനമായ വിലനിര്‍ണ്ണയത്തിലൂടെയും കൃത്യമായ ചട്ടക്കൂടുകളിലൂടെയും വ്യാജമദ്യത്തിന്റെ വരവ് പൂര്‍ണ്ണമായും തടയാനും ഗുണനിലവാരമുള്ള മദ്യം മാത്രം വിപണിയില്‍ ഉറപ്പുവരുത്താനും കഴിഞ്ഞ സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ വ്യക്തമാക്കുന്നതാണ് ഈ വിപണി കണക്കുകള്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA