SignIn
Kerala Kaumudi Online
Friday, 05 June 2026 8.06 AM IST

കൊല്ലത്തിന്റെ അഭിമാനമായിരുന്ന കൊട്ടാരം,​ നിർമ്മിച്ചത് ശ്രീമൂലം തിരുനാൾ,​ കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഗതി ഇതാണ്

READ ENGLISH VERSION
d

കൊല്ലം: തെരുവ് നായ്ക്കൾക്കും ഇഴജന്തുക്കൾക്കും ചിതലുകൾക്കും പാർക്കാൻ കൊല്ലം നഗരഹൃദയത്തിലുണ്ട് ഒരു കൊട്ടാരം!. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്ന തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലും റെയിൽവേയുടെ പൈതൃക കെട്ടിടങ്ങളുടെ പട്ടികയിലും ഉൾപ്പെട്ട ചീനക്കൊട്ടാരത്തിനാണ് ഈ ദുർവിധി.

റെയിൽവേ സ്റ്രേഷൻ വളപ്പിൽ കാടുകയറി മേൽക്കൂര തകർന്ന് നിലം പൊത്താറായ നിലയിലാണ് കെട്ടിടത്തിന്റെ നിൽപ്പ്. ഇപ്പോൾ ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രം കൂടിയായി മാറിയിട്ടുണ്ട്. 2014ൽ തങ്കശേരി തുറമുഖത്ത് ഡ്രഡ്ജിംഗിനിടെ പുരാതന ചൈനീസ് നാണയങ്ങളും മറ്റും ലഭിച്ചിരുന്നു. തുടർന്ന് പുരാവസ്തുക്കൾ കൊല്ലത്തുതന്നെ സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും മ്യൂസിയം വേണമെന്ന ആവശ്യം ശക്തമായി.

കൊല്ലം എം.എൽ.എയായിരുന്ന പി.കെ.ഗുരുദാസൻ മ്യൂസിയത്തിനായി ചീനക്കൊട്ടാരമാണ് നിർദ്ദേശിച്ചത്. കൊട്ടാരം മ്യൂസിയമാക്കാൻ കോ‌ർപ്പറേഷൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മ്യൂസിയം നിർമ്മിക്കാൻ കൊട്ടാരത്തിന്റെ സംരക്ഷണ ചുമതല വിട്ടുനൽകണമെന്ന് നഗരസഭ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ റെയിൽവേയുടെ അധീനതയിലാണ് കൊട്ടാരം.

നിർമ്മിച്ചത് - 1904ൽ ശ്രീമൂലം തിരുന്നാൾ രാമവർമ്മ

മുറികൾ - 7

ചിതലെടുക്കാത്ത ചരിത്രം

 മദ്രാസിലേക്കും മറ്റും കൊല്ലം-ചെങ്കോട്ട പാതയിലൂടെ രാജകുടുംബാംഗങ്ങൾ യാത്ര ചെയ്യുമ്പോൾ വിശ്രമിക്കുന്നതിനായാണ് കൊട്ടാരം പണിതത്

 പരമ്പരാഗത ചൈനീസ് വീടുകളുമായി സാദൃശ്യം തോന്നുംവിധം ചുവന്ന സോംബ്രേ ഇഷ്ടികകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്

 ചീനക്കൊട്ടരമെന്ന് പേര് വീണെങ്കിലും ചൈനയുമായി കൊട്ടാരത്തിന് ബന്ധമില്ല

 ഗോഥിക് ശൈലിയിലുള്ള ആർച്ചുകളാണ് മുഖ്യ ആകർഷണം

 ഇൻഡോ - സറാസെനിക് ശൈലിയിൽ നിർമ്മിച്ച കൊട്ടാരം പുറത്തുനിന്ന് നോക്കിയാൽ ഇരുനിലയെന്ന് തോന്നുമെങ്കിലും ഒറ്റനിലയേയുള്ളു

 ആദ്യകാലത്ത് 'റെയിൽവേ കൊട്ടാര'മെന്നാണ് അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ച ശേഷം കൊട്ടാരം റെയിൽവേയുടെ അധീനതയിലായി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOLLAM, CHEENA KOTTARAM, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA