
കോഴിക്കോട്: ഒറ്റ ദിവസത്തിൽ 8,000 വിവാഹ സ്വപ്നങ്ങളാണ് കാരന്തൂർ മഹാദേവന് മുന്നിലെത്തിയത്. 14 ജില്ലകളിൽ നിന്നും അപേക്ഷകരെത്തി. ഇതിൽ 80 ശതമാനവും പുരുഷൻമാരാണ്. കാരന്തൂർ ഹരഹര മഹാദേവക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ടാഴ്ച മുൻപ് സമൂഹമാദ്ധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചു. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇത് വ്യാപകമായി പ്രചരിച്ചു. ആയിരം പേരെയാണ് പ്രതീക്ഷിച്ചത്. പക്ഷേ അപേക്ഷകരുടെ ഒഴുക്കായി. മക്കൾക്കായി മാതാപിതാക്കളും ക്യൂവിലുണ്ടായിരുന്നു. വിവാഹത്തിനായി കോഴിക്കോട്ട് മുറിയെടുത്ത് താമസിച്ചെത്തിയവരുമുണ്ട്.
തിരക്ക് ക്ഷേത്രവളപ്പും കടന്ന് റോഡിലെത്തി. അത് രണ്ടു ബസ് സ്റ്റോപ്പുകൾക്ക് അപ്പുറം വരെയായി. നിയന്ത്രിക്കാൻ പൊലീസുമെത്തി. ഇതോടെ രാവിലെ ഒമ്പതിന് തുടങ്ങേണ്ട അപേക്ഷ വിതരണം ഏഴു മണിക്കേ തുടങ്ങി. ഇതിനിടെ അപേക്ഷകൾ തീർന്നു. തുടർന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള നെട്ടോട്ടമായി. ഉച്ചയ്‌ക്ക് ഒന്നുവരെയാണ് ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ സന്ധ്യ കഴിഞ്ഞും തിരക്കൊഴിഞ്ഞില്ല. അപേക്ഷകരിൽ 30ന് മുകളിലുള്ള പുരുഷന്മാരാണ് ഏറെയും. 40 വയസ് പിന്നിട്ടവരുമുണ്ട്. രണ്ടാം വിവാഹം ആഗ്രഹിച്ചെത്തിയ സ്ത്രീകളും ഏറെയുണ്ട്. അപേക്ഷകരിൽ അനുയോജ്യരെ കണ്ടെത്തി ഒരുമിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്ര ഭാരവാഹികൾ. അതേസമയം വനിതകൾക്കായി പ്രത്യേകക്യാമ്പ് നടത്താനും കമ്മിറ്റി ആലോചിക്കുന്നുണ്ട്.
പണമില്ലെങ്കിലും വിവാഹം
ആദ്യഘട്ടത്തിൽ അപേക്ഷകൾ പരിശോധിച്ച് അനുയോജ്യരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. പിന്നീട് വീണ്ടും പരിശോധിച്ച് ഇരുകുടുംബങ്ങളുടെ താത്പര്യം പരിഗണിച്ച് അനുയോജ്യമായ ബന്ധം കണ്ടെത്തും. പരസ്‌പരം പരിചയപ്പെടാനും വിവാഹകാര്യം തീരുമാനിക്കാനും ക്ഷേത്രം അവസരമൊരുക്കും. വിവാഹം നടത്താനുള്ള നടപടി കുടുംബങ്ങൾ സ്വീകരിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ഷേത്രം സഹായിക്കും.
ഇത്രയധികം പേരെ പ്രതീക്ഷിച്ചില്ല. ആഗ്രഹിച്ചിട്ടും വിവാഹം കഴിക്കാനാകാത്ത ഇത്രയധികം പേരുണ്ടെന്നറിഞ്ഞപ്പോൾ വേദന തോന്നി. എത്രയും പെട്ടെന്നു കാര്യങ്ങൾ ചെയ്ത് തീർക്കും
.
- നാരായണൻ ഭട്ടതിരി, ക്ഷേത്രം പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |