SignIn
Kerala Kaumudi Online
Sunday, 01 November 2026 2.11 AM IST

കേരള പൊലീസിനും ഇന്ന് 70-ാം പിറന്നാൾ

dgp

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്നാണ് നമ്മുടെ പൊലീസിന്റെയും എഴുപതാം പിറന്നാൾ. 1956 നവംബർ ഒന്നിന് സംസ്ഥാന രൂപീകരണത്തിനൊപ്പമാണ് കേരള പൊലീസും പിറന്ന‌‌ത്. തിരുവിതാംകൂർ, മലബാർ പൊലീസുകൾ ലയിക്കുകയായിരുന്നു.

1956ൽ എം.എസ്.പിയും,ഫയർ ഫോഴ്സും ഒഴികെയുള്ള പൊലീസിന്റെ ആകെ അംഗബലം 11,312 ആയിരുന്നു. ഇപ്പോൾ 62,000 ആണ് അംഗസംഖ്യ. ക്രമസമാധാനപാലനത്തിന് മാത്രം 21,842 പേരുണ്ട്.

1960ലാണ് പൊലീസ് ആക്ടുണ്ടായത്. ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ 1973ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. 1981ൽ പൊലീസ് മേധാവിയുടെ സ്ഥാനപ്പേര് പൊലീസ് ഡയറക്ടർ ജനറൽ എന്നാക്കി. ടി.അനന്തശങ്കര അയ്യർ കേരളത്തിലെ ആദ്യ ഡി.ജി.പിയായി.

നിലവിൽ പൊലീസ് ജനസംഖ്യാ അനുപാതം 1: 656 ആണ്. 15,075 തസ്തികകൾ കൂടി വേണമെന്ന് ഡി.ജി.പി സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. മൃദുഭാവേ ദൃഢകൃത്യേ എന്നതാണ് കേരള പൊലീസിന്റെ ആപ്തവാക്യം. സംസ്കൃത വാക്യത്തിന്റെ അർത്ഥം മൃദുവായ സ്വഭാവവും ദൃഢമായ പ്രവർത്തനവും എന്നാണ്.

പൊലീസ് വന്നത്

19-ാം നൂറ്റാണ്ടിൽ

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിലാണ് ആധുനിക പൊലീസ് രൂപീകൃതമായത്. ഒളിവർ എച്ച്. ബൻസ്ലി 1881ൽ തിരുവിതാംകൂർ സ്റ്റേറ്റിന്റെ ആദ്യ പൊലീസ് സൂപ്രണ്ടായി. 1921 ൽ വില്യം എച്ച്. പിറ്റ് തിരുവിതാംകൂറിന്റെ ആദ്യ കമ്മിഷണർ ആയി. 1939ൽ പൊലീസ് ഇൻസ്പെക്ടർ ജനറൽ എന്ന തസ്തിക സൃഷ്ടിച്ചു. ഖാൻ ബഹദൂർ സെയ്ദ് അബ്ദുൾ കരീം സാഹിബാണ് തിരുവിതാംകൂർ സ്റ്റേറ്റിന്റെ ആദ്യ ഇൻസ്പെക്ടർ ജനറൽ

1939ൽ ജനറൽ എക്സിക്യൂട്ടീവ് വിഭാഗം, ക്രിമിനൽ ഇന്റലിജൻസ് വിഭാഗം, റിസർവ് ഫോഴ്സ്, സ്പെഷ്യൽ പൊലീസ്, ട്രാഫിക് എന്നീ വിഭാഗങ്ങളായി. 1947ൽ പൊലീസ് ഉദ്യോഗസ്ഥരുടെ അംഗബലം 3626 ആയിരുന്നു. 1956ൽ കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ എൻ. ചന്ദ്രശേഖരൻ നായർ ആദ്യ പൊലീസ് ഇൻസ്പെക്ടർ ജനറലായി നിയമിതനായി

രാജ്യത്തെ ഏറ്റവും മികച്ചതും പ്രൊഫഷണലായതുമായ പൊലീസാണ് കേരളത്തിലേത്. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും ഒന്നാമതാണ്. ചെറിയ സംസ്ഥാനമായിട്ടും പ്രതിവർഷം 5 ലക്ഷം എഫ്.ഐ.ആറുകളെന്നത് രാജ്യത്ത് ഏറ്റവും കൂടുതലാണ്

-റവാഡ ചന്ദ്രശേഖർ

പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA