SignIn
Kerala Kaumudi Online
Sunday, 01 November 2026 2.11 AM IST

ഒളി​മ്പി​ക് സ്വർണ ജേതാവിന്റെ അപേക്ഷ ,​ എന്നെയൊന്ന് മലയാളിയാക്കൂ

alan-
അലൻ സ്കോഫീൽഡ്

തിരുവനന്തപുരം: '' വീടോ, വസ്തുവോ, പൈസയോ വേണ്ട. ഞാനൊരു മലയാളിയാണെന്ന് അംഗീകരിച്ചാൽ മതി. അപേക്ഷ നൽകിയിട്ട് പത്തുവർഷമായി. കേരളത്തിനോളം വയസുണ്ട് എനിക്കും...""

ഇത് അലൻ സ്കോഫീൽഡിന്റെ ജീവിതാഭിലാഷം. ഒപ്പം സങ്കടവും. 1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറാണ് അലൻ. പിതാവ് ഐറിഷുകാരൻ. മാതാവ് കോട്ടയംകാരി. മൂന്നാറിൽ ജനിച്ച് വളർന്നു. ഇന്ത്യൻ പൗരത്വമുണ്ട്. പക്ഷേ മലയാളിയെന്ന അംഗീകാരം മാത്രം ഇനിയുമില്ല.

ശ്രീലങ്കയിൽ തേയില പ്ളാന്ററായിരുന്നു അലന്റെ പിതാവ് ജോർജ് സ്കോഫീൽഡ്. മൂന്നാറിലെ തേയിലത്തോട്ടത്തിൽ ജോലി നേടി ഇങ്ങോട്ടുപോന്നു. നഴ്സായ കോട്ടയം കഞ്ഞിക്കുഴിക്കാരി ഗ്രേസ് തോമസിനെ വിവാഹം കഴിച്ചു. ഏഴു മക്കളിൽ നാലാമനായി 1957 ജനുവരി 26നാണ് അലന്റെ ജനനം. പഠിച്ചത് കളമശേരി സെന്റ് ജോസഫ്സ് സ്കൂളിൽ. നന്നായി മലയാളം പറയും. മലയാളം പാട്ടുകൾ മൗത്ത് ഓർഗനിൽ വായിക്കും.

അലന് കൗമാരം കഴിഞ്ഞതോടെ കുടുംബം ബംഗളൂരുവിലേക്ക് പോയി. അവിടെ അലൻ ഹോക്കി പരിശീലിച്ചു. ഇതിനിടെ നേവിയിൽ ജോലികിട്ടി. സർവീസസ് ഹോക്കി ടീമിലുമെത്തി. മിന്നും പ്രകടനത്തോടെ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായി. മലയാളിയെന്ന് സർക്കാർ അംഗീകരിച്ചില്ലെങ്കിലും ഒളിമ്പിക് സ്വർണം നേടിയ ആദ്യ മലയാളിയെന്നാണ് അന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്.

നേവിയിൽ നിന്ന് പിരിഞ്ഞ ശേഷമാണ് മലയാളിയായി അംഗീകാരം നേടാൻ അലൻ ഇറങ്ങിയത്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അപേക്ഷ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. പലതവണ സ്പോർട്സ് കൗൺസിലും ഡയറക്ടറേറ്റും കയറിയിറങ്ങിയത് മിച്ചം.

നായനാർ പറഞ്ഞു,

ഓൻ മ്മടെ ആളാ...

ഒളിമ്പിക് സ്വർണം നേടിയപ്പോൾ അലനും ഇന്ത്യൻ ക്യാപ്ടൻ തമിഴ്‌നാട്ടുകാരൻ ഭാസ്കരനും കേരള സർക്കാർ സ്വീകരണം നൽകിയിരുന്നു. ആ ചടങ്ങിൽ അലൻ നന്നായി മലയാളം പറയുന്നത് കേട്ട്

''ഓൻ മ്മടെ ആളാ..."" എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി നായനാരുടെ കമന്റ് . കേരളത്തിലെ കുട്ടികളെ ഹോക്കി പഠിപ്പിക്കാൻ ചടങ്ങിൽ വച്ചുതന്നെ നായനാർ ക്ഷണിച്ചപ്പോൾ അലൻ കൈയോടെ സമ്മതം മൂളി. അലൻ ഹോക്കി കളിക്കുന്ന വീഡിയോ സ്കൂളുകളിൽ കാണിക്കാനും നായനാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പക്ഷേ, ഒന്നും നടന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA