കൊല്ലം: ഹോട്ടലുകളിലും തട്ടുകടകളിലും മാലിന്യമായി തള്ളുന്ന പഴകിയ പാചകയെണ്ണയ്ക്ക് വിപണിയിൽ 'പൊന്നുംവില'. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച റൂക്കോ പദ്ധതിയിലൂടെയാണ് അംഗീകൃത കമ്പനികൾ ഉടമകളിൽ നിന്ന് ലിറ്ററിന് 55 മുതൽ 70 രൂപ വരെ നൽകി എണ്ണ ശേഖരിക്കുന്നത്.
ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ജില്ലയിൽ 4844 ലിറ്റർ എണ്ണ ശേഖരിച്ചു. 2018ലാണ് റൂക്കോ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ വ്യാപാരികൾ വിമുഖത കാട്ടിയെങ്കിലും ഇപ്പോൾ പദ്ധതിക്ക് സ്വീകാര്യതയേറി. കമ്പനികൾ നൽകുന്ന പ്രത്യേക കാനുകളിൽ സൂക്ഷിക്കുന്ന എണ്ണ ആഴ്ചയിലൊരിക്കൽ ഏജന്റുമാർ സ്ഥാപനങ്ങളിലെത്തി ശേഖരിച്ച് അളവനുസരിച്ച് വില നൽകും.
ഒരു ലിറ്റർ മുതൽ കൈമാറാമെങ്കിലും ആഴ്ചയിൽ കുറഞ്ഞത് നാലു ലിറ്ററെങ്കിലും നൽകണമെന്നാണ് നിബന്ധന. പൊതുജനങ്ങളിൽ നിന്നും എണ്ണ ശേഖരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരമുള്ള നാല് കമ്പനികൾക്കാണ് സംസ്ഥാനത്ത് എണ്ണ ശേഖരിക്കാൻ അനുമതി.
ബയോഡീസലാക്കാൻ റൂക്കോ
ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച റൂക്കോ പദ്ധതിയിലൂടെ ഉപയോഗശേഷമുള്ള എണ്ണ ശേഖരിക്കും
ഇവ സംസ്കരണ ശേഷം ബയോഡീസൽ, സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കും
പഴകിയ എണ്ണ പിടിച്ചെടുക്കാൻ ഓപ്പറേഷൻ തെളിമയുടെ ഭാഗമായി ജില്ലയിലും പരിശോധന ശക്തമാക്കി
ആവർത്തിച്ച് ചൂടാക്കുമ്പോൾ ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (ടി.പി.സി) ഘടകങ്ങളുടെ അളവ് വർദ്ധിക്കും
ടി.പി.സി 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ പാചകത്തിന് ഉപയോഗിക്കാൻ പാടില്ല
ഇത്തരം എണ്ണയുടെ ഉപയോഗം രക്തസമ്മർദ്ദം, കരൾരോഗം, ഹൃദയാഘാതം തുടങ്ങിയവ ഇരട്ടിയാക്കും
ഡിജിറ്റൽ ടി.പി.എം മീറ്റർ ഉപയോഗിച്ചാണ് എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നത്
ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. വെബ്സൈറ്റ് വഴി റൂക്കോ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പഴകിയ എണ്ണ അംഗീകൃത ഏജൻസികൾക്ക് കൈമാറണം.
സക്കീർ ഹുസൈൻ
അസി. കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൊല്ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |