
കൊല്ലം: സ്കൂളുകളെല്ലാം നാളെ തുറക്കുമെങ്കിലും സ്കൂൾ വളപ്പിൽ വച്ച് ഷോക്കേറ്റ് പിടഞ്ഞുമരിച്ച മിഥുന്റെ എട്ട് ബി ക്ലാസ് മുറി തുറക്കില്ല. മിഥുൻ മരിച്ചതിന് പിന്നാലെ അടച്ച തേവലക്കര ബോയ്സ് എച്ച്.എസിലെ അവന്റെ ക്ലാസ് മുറി ഈ അദ്ധ്യയന വർഷവും അടഞ്ഞുകിടക്കും.
കഴിഞ്ഞവർഷം പുതുതായി ചേർന്നതാണെങ്കിലും മിഥുൻ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒത്തിരി കൂട്ടുകാരെ നേടിയിരുന്നു. അവരുടെ മനസുകളിൽ മിഥുന്റെ ഓർമ്മകൾ സങ്കടമാകാതിരിക്കാനാണ് ആ ക്ലാസ് മുറി തുറക്കാത്തത്. സ്കൂളിലെ ഏറ്റവും പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിലായിരുന്നു എട്ട് ബി. കഴിഞ്ഞ വർഷം ജൂലായ് 17ന് ക്ലാസ് മുറിയിൽ കളിക്കവേ സഹപാഠിയുടെ ചെരുപ്പ് സൈക്കിൾ ഷെഡിന്റെ തകരഷീറ്റ് പാകിയ മേൽക്കൂരയ്ക്ക് മുകളിൽ വീണു. ചെരുപ്പെടുക്കാൻ ക്ളാസിന്റെ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങിയ മിഥുൻ കാൽവഴുതി ത്രീ ഫേസ് ലൈനിലേക്ക് വീഴുകയായിരുന്നു.
മിഥുന്റെ ദാരുണാന്ത്യത്തിന് പിന്നാലെ എട്ട് ബി ഡിവിഷൻ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി. ക്ലാസ് മുറിയോട് ചേർന്ന് കടന്നുപോയിരുന്ന ത്രീ ഫേസ് ലൈൻ തൊട്ടടുത്ത ദിവസം അഴിച്ചുമാറ്റി. അരഭിത്തിക്ക് മുകളിലെ പലകകൾക്ക് പകരം ഇരുമ്പ് നെറ്റ് അടിച്ചും കഴുക്കോലുകൾ മാറ്റിയും എട്ട് ബി ക്ലാസ് മുറിയുള്ള കെട്ടിടം നവീകരിച്ചിരുന്നു. ദാരുണമായ സംഭവത്തിന് പിന്നാലെ സ്കൂളിലെ വിദ്യാർത്ഥികളെ കൗൺസിലിംഗ് നടത്തിയ വിദഗ്ധർ മിഥുന്റെ ഓർമ്മകൾ കുട്ടികളുടെ മനസിലേക്ക് കൊണ്ടുവരരുതെന്ന് സ്കൂൾ അധികൃതരെ ഉപദേശിച്ചിരുന്നു.
എട്ടടി അകലത്തിൽ ത്രീ ഫേസ് ലൈനുണ്ടായിട്ടും കെട്ടിടത്തിന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ.കഴിഞ്ഞ ജനുവരി വരെ ഹെഡ്മിസ്ട്രസ് എസ്.സുജ സസ്പെഷനിലായിരുന്നു. മാർച്ച് 31ന് വിരമിച്ചു. അപകടത്തിന് പിന്നാലെ സ്കൂൾ ഭരണം സർക്കാർ ഏറ്റെടുത്തിരുന്നു. വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്ത മകനായിരുന്നു മിഥുൻ. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമ്മിറ്റി മിഥുന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചുനൽകി.
ഇത്തവണ നിരന്തര പരിശോധന
കഴിഞ്ഞതവണ അനാസ്ഥ കാട്ടിയ സർക്കാർ വകുപ്പുകളെല്ലാം തേവലക്കര സ്കൂളിൽ ഇത്തവണ തുടർച്ചയായി പരിശോധന നടത്തി. മൈനാഗപ്പള്ളി പഞ്ചായത്ത് അസി. എൻജിനിയർ ഏപ്രിലിൽ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികൾ നിർദ്ദേശിച്ചു. ഡി.ഡി.ഇയും ഡി.ഇ.ഒയും പലതവണയെത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പരിശോധിച്ചു. 28 ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണി മാനേജ്മെന്റ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |