SignIn
Kerala Kaumudi Online
Sunday, 18 October 2026 3.46 AM IST

മലയാളിത്തം മണക്കുന്ന ആൻഡമാൻ

andaman

നിലമ്പൂർ,തിരൂർ, മഞ്ചേരി, വണ്ടൂർ, പരപ്പനങ്ങാടി, കോതമംഗലം ,കൊയിലാണ്ടി... നമുക്ക് അത്രയ്ക്ക് അടുപ്പമുള്ള ഈ സ്ഥലങ്ങളൊക്കെ കേരളത്തിൽ നിന്ന് കാതങ്ങൾക്കപ്പുറം ബംഗാൾ ഉൾക്കടലിന്റെ ഹൃദയകുടീരത്തിലുമുണ്ട്. ഇന്ത്യൻ ഉപദ്വീപിൽ നിന്ന് 1300 ലധികം കിലോമീറ്റർ അകലത്തിലുള്ള ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ ദ്വീപിലെ ബറാതാങ്ങിൽ മലയാളം എന്ന പേരിൽ ഒരു ഗ്രാമവുമുണ്ട്. ആൻഡമാൻ യാത്രയിൽ പോർട്ട് ബ്ലെയറിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ വണ്ടൂർ ബീച്ചിലെത്താം. തിരൂർ എന്ന് ഇംഗ്ളീഷിലെഴുതിയ ബോർഡുള്ള ബസിലായിരുന്നു യാത്രയ്ക്കിടെ ഒരു ദിവസം ഞങ്ങൾ മാർക്കറ്റിൽ നിന്നും താമസസ്ഥലത്തേയ്ക്ക് എത്തിയത്.

1921ലെ മലബാർ കലാപത്തിൽ പങ്കെടുത്ത പലരെയും ബ്രിട്ടീഷ് ഗവൺമെന്റ് നാടുകടത്തിയത് ആൻഡമാനിലേയ്ക്കാണ്. കൂടാതെ 1950-1970 കാലഘട്ടത്തിൽ ദാരിദ്യനിർമാർജനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കോളനൈസേഷൻ സ്‌കീം പ്രകാരം മലബാറടക്കം ഇന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്നും നിരവധി കുടുംബങ്ങളെ ആൻഡമാനിലേയ്ക്ക് കൊണ്ടുപോയി പത്ത് ഏക്കർ വീതം സ്ഥലം പതിച്ചു നൽകി പാർപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ പരിച്ഛേദമുണ്ട് ആൻഡമാനിൽ. അവരാണ് ഗൃഹാതുരത്വമെന്നോണം തങ്ങളുടെ നാടിന്റെ പേരുകൾ ഈ സ്ഥലങ്ങൾക്ക് നൽകിയിരിക്കുന്നത്.
ബറാതാങ്ങിലേയ്ക്ക്
നിലമ്പൂർ ജെട്ടിയിൽ നിന്ന് ഫെറിയിൽ കയറി കുറച്ചുനേരം യാത്ര ചെയ്യുമ്പോൾ മറ്റൊരു ജെട്ടിയിൽ എത്തും. ആളുകളോടൊപ്പം ബസുകളടക്കമുള്ള വാഹനങ്ങളും ഇതിൽ കയറ്റുന്നുണ്ട്. ഫെറിയിൽ നിന്നിറങ്ങിയാൽ പിന്നെ എൻജിൻ ഘടിപ്പിച്ച സ്‌പോർട് സ്പീഡ് ബോട്ടിലാണ് ബറാതാങ്ങിലേയുള്ള യാത്ര. എട്ടു പത്തു പേരെ മാത്രം കയറ്റി വിശാലമായ കടൽപ്പരപ്പിലൂടെ ഓളങ്ങൾ മുറിച്ചു കടന്നുകൊണ്ടുള്ള അരമണിക്കൂറിലേറെ നീളുന്ന യാത്ര ഒരു സാഹസിക വിനോദത്തിന്റെ രസം പകരുന്നതാണ് വനാന്തരങ്ങളിലേക്കെന്നപോലെ അതിമനോഹരമായ ഈ യാത്ര. കണ്ടൽത്തടികൾ ഉപയോഗിച്ച് കോൺക്രീറ്റ് ഫലങ്ങൾ പോലെ പണിത നടവഴിയിൽ ബോട്ട് അടുപ്പിച്ചു. ചുറ്റുമുള്ള മലനിരകൾക്കിടയിൽ വിതാനിക്കപ്പെട്ട താ‌ഴ്‌വരയിലെ കൃഷിപ്പാടങ്ങൾ പോലെ തോന്നിക്കുന്ന പാട വരമ്പിലൂടെയും ഇടവഴികളിലൂടെയുമായി ഒന്നര കിലോമീറ്ററിലധികം നടന്നപ്പോൾ ചരിത്രപ്രസിദ്ധമായ ചുണ്ണാമ്പ് ഗുഹയുടെ വായ് മുഖത്തെത്തി. സഞ്ചാര പാതയ്ക്കിടയിൽ വൃക്ഷത്തണലിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട് . അവിടെ മുളകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ പെട്ടിക്കടകളിൽ ഗ്രാമീണ സ്ത്രീകൾ ഇളനീരും സോഡയും നാരങ്ങാവെള്ളവുമൊക്കെ വിൽപ്പന നടത്തുന്നുണ്ട്.
ബറാതാങ്ങിലെ ചുണ്ണാമ്പ് ഗുഹകൾ
കടഞ്ഞെടുത്ത വെണ്ണക്കൽ ശില്പങ്ങൾ വിതാനിച്ച പ്രദർശനശാല പോലെയാണ് ചുണ്ണാമ്പു ശിലകൾ കൊണ്ട് അത്ഭുതം തീർക്കുന്ന ചുണ്ണാമ്പു ഗുഹകൾ. ചുണ്ണാമ്പ് കല്ല് അലിഞ്ഞുണ്ടായ ഗുഹയ്ക്ക് മുകളിൽ നിന്ന് താഴോട്ട് തൂക്കിയിട്ടിരിക്കുന്നതും തറയിൽ നിന്ന് മുകളിലേയ്ക്ക് വളരുന്നതുമായ ചുണ്ണാമ്പ് ശില്പങ്ങളാണ് പ്രധാന കാഴ്ച. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് വെള്ളത്തുള്ളികൾ ഇറ്റിറ്റു വീണ് രൂപപ്പെട്ട ഇവ മനുഷ്യന്റെ കരവിരുതുകളാൽ മെനഞ്ഞെടുത്ത ശില്പങ്ങളുടെ പ്രതീതി ജനിപ്പിക്കുന്നു. കാണികളുടെ മനോധർമനുസരിച്ച് ദൈവങ്ങളുടെയും ദേവതകളുടെയും ആനയടക്കമുള്ള മൃഗങ്ങളുടെയും ശംഖിന്റെയുമൊക്കെയുള്ള രൂപങ്ങൾ ഇതിൽനിന്ന് വായിച്ചെടുക്കാനാവും ഈ ദൃശ്യത്തിന്. ഗൈഡുകൾ തെളിയിക്കുന്ന ടോർച്ച് ലൈറ്റുകളുടെ വെളിച്ചത്തിൽ ഗുഹകളിലേയ്ക്കുള്ള ഇടുങ്ങിയ പാതകളിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലുമായി തെളിയുന്ന സുന്ദരദൃശ്യങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ചുണ്ണാമ്പ് ഗുഹയായ വിശാഖപട്ടണത്തെ അരാക്കുവാലിയിലെ ചുണ്ണാമ്പു ഗുഹയിലെ ദൃശ്യങ്ങളോട് ചേർത്തുവയ്ക്കാവുന്നവയാണ്. സാഹസിക ടൂറിസത്തിന്റെ സ്പിരിറ്റോടെയുള്ള ജറാവ റിസർവിലൂടെയുള്ള യാത്ര, ജങ്കാർ യാത്ര, സ്പീഡ് ബോട്ട് സവാരി, കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള നടത്തം എന്നിവ ബറാതാങ് ദ്വീപിലേക്കുള്ള യാത്രയെ മറക്കാനാവാത്ത ഓർമ്മയായി നിലനിർത്തുന്നു!
തീയില്ലാത്ത അഗ്നിപർവതങ്ങൾ
ബറാതാങ്ങിലെ മറ്റൊരു അത്ഭുത കാഴ്ചയാണ് മഡ് വോൾക്കാനോ എന്ന ചളി തുപ്പുന്ന അഗ്നിപർവ്വതം . പുകയില്ലാതെ ഭൂമിക്ക് അടിയിൽ നിന്ന് ചെളിയും വാതകവും പുറത്തു തള്ളുന്ന പ്രതിഭാസമാണിത്. ഇന്ത്യയിലെ സജീവമായ ഏക മഡ് വാൾക്കാനോയായ ഇത് സ്ഥിതി ചെയ്യുന്നത് ബറാതാങ്ങിലെ നായൽ ഡേരയിലാണ്. ഭൂമിക്കടിയിലെ പാറപ്പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മിഥേയിൻ വാതകങ്ങളും വെള്ളവും ചെളിയും സമ്മർദ്ദം മൂലം മുകളിലേക്ക് തള്ളപ്പെടുകയും കൂൺ ആകൃതിയിലുള്ള ഒരു കുന്ന് പോലെ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്. വലിയ സ്‌ഫോടനങ്ങൾ ഇല്ലാതെ ചെറിയ ചെറിയ കുമിളകളായി ഭൂമിക്കടിയിൽ നിന്ന് മുകളിലേയ്ക്ക് ചെളി തിളച്ച് പൊങ്ങും. വിണ്ടുകീറിയ ഭൂപ്രദേശത്തിന് നടുവിൽ മൂന്ന് നാല് ചെളി കൂനകൾ. ഓരോ ചെളി ക്കൂനകൾക്ക് മുകളിലുമുള്ള ദ്വാരങ്ങളിലൂടെ ചാരനിറത്തിലുള്ള മിഥേയിൻ വാതകത്തിന്റെ നേരിയ മണമുള്ള ചളി പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കും.

 സ്‌ഫോടനങ്ങളിൽ ഉയർന്നുപൊങ്ങിയ ദ്വീപ്
കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പുണ്ടായ അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായാണ് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ രൂപപ്പെട്ടതെന്നാണ് വിശ്വാസം. അന്റാർട്ടിക്കയോട് ചേർന്ന് കിടന്നിരുന്ന ഇന്ത്യയുടെ ഭൗമ പാളികൾ വടക്കോട്ട് നീങ്ങി യുറേഷ്യൻ പാളിയിലേക്ക് ഇടിച്ചു കയറിയപ്പോൾ ഉണ്ടായ അഗ്നിപർവത സ്‌ഫോടന പരമ്പരകൾക്കിടയിൽ പുറത്തേയ്ക്ക് തെറിച്ച ലാവ ഉരുകി കടയിലേക്ക് ഒഴുകുകയും ലാവകളും കല്ലുകളുമെല്ലാം ചേർന്ന് ബംഗാൾ ഉൾക്കടലിൽ അഞ്ഞൂറിലധികം ദ്വീപുകളുള്ള ആൻഡമാൻ രൂപപ്പെടുകയും ചെയ്തു . കാലത്തിന്റെ സഞ്ചാരപഥങ്ങൾക്കിടയിൽ കടലിലെന്നപോലെ കരപ്രദേശങ്ങളിലും ജീവൻ തുടിക്കുന്ന സസ്യലതാദികളും ജന്തു ജീവിവർഗങ്ങളുമൊക്കെ ഉദയം ചെയ്തു.
നൂറ്റാണ്ടുകളുടെ ദുരിതം പേറുന്നവർ
ബറാതാങ്ങിൽ നിന്ന് ജറാവ റിസർവിലൂടെയുള്ള മടക്കയാത്രയിൽ അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ ഒരു ജെറാവ കുടുംബത്തെ കൺകുളിർക്കെ കണ്ടു . നൂറ്റാണ്ടുകളുടെ ദുരിതം പേറുന്ന ഹതാശമായ കണ്ണുകൾ ! ദൈന്യത മുറ്റിയ മുഖഭാവം. ജറാവകൾ അക്രമകാരികളാണെന്നും നാട്ടുമനുഷ്യരെ കണ്ടാൽ ആക്രമിക്കാൻ ഒരുങ്ങുമെന്നൊക്കെയുള്ള ഗൈഡിന്റെ ഗീർവാണങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് കാണിക്കുന്ന പ്രത്യക്ഷാനുഭവം ! ജറാവകളുമായി ഇടപഴകാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ചില ഡ്രൈവർമാർ അവർക്ക് നൽകാനായി ചിലപ്പോഴൊക്കെ ഭക്ഷണപ്പൊതി കയ്യിൽ കരുതാറുണ്ട് . അത് പ്രതീക്ഷിച്ച് വിശന്നവയർ പൊരിഞ്ഞപ്പോൾ വന നിബിഡതകൾക്കിടയിൽ നിന്ന് പുറത്തിറങ്ങിയതാവാം ഇവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE