SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.40 AM IST

വീട്ടുമുറ്റത്തു നിന്ന് പാചക വാതകം, പാചകത്തിൽ ആശങ്കയില്ലാതെ തിരുവാതുക്കൽ വീട്

photo

ചേർത്തല : പാചകവാതകക്ഷാമം രൂക്ഷമെങ്കിലും ചേർത്തല തിരുവാതുക്കൽ വീട്ടിൽ പാചകത്തിന് ആശങ്കകളില്ല. ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വാതകമാണ് 20 വർഷമായി ഇവിടെ ഉപയോഗിക്കുന്നത്. ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപകനായ ജോസഫ് തിരുവാതുക്കലാണ് പാചകവാതക പ്രതിസന്ധിക്കിടയിൽ മാതൃകയാകുന്നത്.
ആറംഗ കുടുംബത്തിന്റെ പാചകാവശ്യങ്ങൾ മുഴുവനും നിറവേറ്റുന്നത് ബയോഗ്യാസിലൂടെയാണ്. വീട്ടിലെ ആഹാര അവശിഷ്ടങ്ങളാണ് പ്ലാന്റിലെ മുഖ്യ നിക്ഷേപ വസ്തുക്കൾ. കൂടാതെ മാസത്തിൽ രണ്ടോമൂന്നോ പ്രാവശ്യം കേടായ പഴങ്ങൾ വാങ്ങി പ്ലാന്റിൽ നിക്ഷേപിക്കും. മൂന്നു ബർണറുകളുള്ള ഒരു സ്റ്റൗ ദിവസേന ആറു മണിക്കൂറിലേറെ കത്തിക്കാൻ ഇത്രയും മാലിന്യങ്ങൾ ധാരാളം മതിയെന്നാണ് ജോസഫ് പറയുന്നത്. സാധാരണ ഗതിയിൽ ഒരു എൽ.പി.ജി.സിലിണ്ടർ പരമാവധി 28 ദിവസം വരെ ഉപയോഗിച്ചിരുന്ന വീട്ടിൽ ഇപ്പോൾ സിലിണ്ടർ ഉപയോഗിക്കാറേയില്ല.

2005ൽ ഉപജില്ലാ ശാസ്‌ത്രോത്സവത്തിൽ് പുതുമയുള്ള പദ്ധതി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സഹൃദയടെക് എറണാകുളം ഒരുക്കിയ ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ച് ജോസഫ് മനസിലാക്കിയത്. തുടർന്ന് സഹൃദയയുടെ സാങ്കേതിക സഹായത്തോടെ വീട്ടിൽ രണ്ടു ക്യൂബിക് മീറ്റർ ശേഷിയുള്ള ഫിക്സഡ് ഡൂം മോഡൽ പ്ലാന്റ് നിർമ്മിച്ചു. സർക്കാരിന്റെ സബ്സിഡിയും ലഭ്യമാക്കി.നഗരസഭയുടെ സഹായവും ലഭിച്ചു.

അരി കഴുകുന്നതിന്റെയും മത്സ്യ, മാംസങ്ങൾ വൃത്തിയാക്കുന്നതിന്റെയും വെള്ളവും കഞ്ഞിവെള്ളവും മിച്ചം വരുന്ന ആഹാര അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള വീട്ടിലെ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള മാർഗമെന്നതുപോലെ തന്നെ പ്ലാന്റിൽ നിന്നും സംസ്‌കരിച്ചശേഷം പുറത്തുവരുന്ന സ്ലെറി ജൈവവളമായും ഉപയോഗിക്കുന്നുണ്ട്. വീട്ടിലെ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന്റെ യാതൊരു ദുർഗന്ധവും ഉണ്ടാകുന്നില്ലെന്നു ജോസഫിന്റെ ഭാര്യയും ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമായ സോയമോൾ ജോസഫും പറഞ്ഞു. അഞ്ച് കിലോവാട്ട് സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി പൂർണമായും ഇവിടെ സൗരോർജ്ജത്തിൽ നിന്നാണ് ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL