SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.35 AM IST

നാട് നടുങ്ങിയ പകൽ

hosp


 ഹരിപ്പാട് ടോയ്ലറ്റിൽ പ്രസവിച്ച യുവതി കുഞ്ഞിനെ വലിച്ചെറിഞ്ഞു
 കായംകുളത്ത് 80കാരിയുടെ മൃതദേഹം കല്ലുകെട്ടിയ നിലയിൽ കായലിൽ

ആലപ്പുഴ: നടുക്കുന്ന ക്രൂരതകൾക്കാണ് ഇന്നലത്തെ പകൽ ആലപ്പുഴ സാക്ഷ്യം വഹിച്ചത്. ആശുപത്രി ടോയ്ലറ്റിൽ പ്രസവിച്ച അവിവാഹിത നവജാതശിശുവിനെ വെന്റിലേഷനിലൂടെ വലിച്ചെറിഞ്ഞെന്ന വാർത്ത അതിരാവിലെ കാട്ടുതീ പോലെയാണ് പടർന്നത്. ഏതാനും മണിക്കൂറുകൾക്കിപ്പുറം കായംകുളം കായലിൽ വൃദ്ധയുടെ മൃതദേഹം പൊങ്ങിയെന്ന വിവരം പുറത്തുവന്നു. കൈകാലുകൾ ബന്ധിച്ച് കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസം മുമ്പ് കാണാതായ എൺപതുകാരിയുടെ മൃതദേഹമാണ് കനകക്കുന്ന് ജെട്ടിക്ക് സമീപം കായലിൽ പൊങ്ങിയത്.

ഗർഭവും പ്രസവവും ഒളിപ്പിച്ച് 20കാരി

ഹരിപ്പാട് താലൂക്കാശുപത്രിയിലാണ് അവിവാഹിതയായ ഇരുപതുകാരി ഗർഭവും ആശുപത്രിയിലെ ടോയ്ലറ്റിനുള്ളിൽ നടന്ന പ്രസവവും ഒളിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച്ച രാത്രി 9മണിയോടെയാണ് ഹരിപ്പാട് വെള്ളംകുളങ്ങര സ്വദേശിനിയെ വയറുവേദനയെ തുടർന്ന് ബന്ധുക്കൾ ഹരിപ്പാട് ആശുപത്രിയിലെത്തിച്ചത്. കടുത്ത വയറുവേദനയും നടുവേദനയുമായിരുന്നു പെൺകുട്ടിക്ക്. മുൻപ് സ്കാൻ ചെയ്തിട്ടുണ്ടെന്നും, വയറ്റിൽ കൊഴുപ്പാണെന്ന് കണ്ടെത്തിയിരുന്നെന്നും യുവതി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ അത് സാധൂകരിക്കുന്നതിന് യാതൊരു മെഡിക്കൽ രേഖകളും കൈവശമുണ്ടായിരുന്നില്ല. ഡോക്ടർമാരെ വയർ പരിശോധിക്കാൻ യുവതി സമ്മതിച്ചില്ല. ഗർഭാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതിലും തുടർച്ചയായി ടോയ്ലറ്റിൽ പോകുന്നതിലും ഡ്യൂട്ടി ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ടോയ്ലറ്റിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ടോയ്ലറ്റിൽ രക്തവാർച്ച കണ്ടത്. ഗർഭിണിയാണോ എന്ന് ചോദിച്ചിട്ടും അല്ലെന്ന് പെൺകുട്ടി മറുപടി നൽകി. ഇതേസമയം കെട്ടിടത്തിന് പുറത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. സംശയം തോന്നിയ ഡോക്ടർമാർ അറ്റൻഡറോട് ആവശ്യപ്പെട്ട പ്രകാരം നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ച പെൺകുഞ്ഞിനെ കണ്ടെത്തിയത്. ടോയ്ലറ്റിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റിലേഷൻ ജനലിലൂടെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമുണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. എറണാകുളത്ത് പാരാമെഡിക്കൽ കോഴ്സ് പഠിക്കുകയാണ് യുവതി. ഇവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും.

രക്ഷകരായി ആശുപത്രി ജീവനക്കാർ
ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ടോയ്ലറ്റിന്റെ ജനൽ കാഷ്വാലിറ്റിയുടെ പിന്നിലായതിനാലും ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത കുറവാണ്. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ജീവനക്കാർ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. സമയം പാഴാക്കാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തി. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിലാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും അടിയന്തര ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. ​ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുണ്ട് കുഞ്ഞിന്. ​ആശുപത്രി അധികൃതർ ഉടൻ ഹരിപ്പാട് പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ച് പൊലീസ് സുരക്ഷയിൽ രാത്രിതന്നെ അമ്മയെയും കുഞ്ഞിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

വയോധികയുടേത് കൊലപാതകം?

കായംകുളത്ത് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ടല്ലൂർ സ്വദേശിനി തങ്കമ്മയുടേത് (80) കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് ദിവസം മുമ്പ് കാണാതായ തങ്കമ്മയുടെ മൃതദേഹം ഇന്നലെ മത്സ്യബന്ധനത്തിന് പോയവരാണ് കനകക്കുന്ന് ജെട്ടിക്ക് സമീപം കണ്ടത്. കൈകളും കാലുകളും കയറുപയോഗിച്ച് ബന്ധിച്ചശേഷം കല്ലുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. തങ്കമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകൻ കുടുംബമായി മറ്റൊരു വീട്ടിലും മകൾ ഭർതൃവീട്ടിലുമാണ് താമസം. തങ്കമ്മയെ കാണാതായത് സംബന്ധിച്ച് കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL