SignIn
Kerala Kaumudi Online
Thursday, 28 May 2026 10.42 PM IST

വീഴാറായ സ്കൂൾ കെട്ടിടം 'കാണാതെ' അധികൃതർ

s

തുറവൂർ: ജില്ലയിൽ തുടർച്ചയായി ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച വിജയം കൈവരിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നായ പട്ടണക്കാട് ഹയർ സെക്കൻഡറി സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പമുമുട്ടുന്നു. 1900 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ തന്നെയാണ് ഇപ്പോഴും ക്ലാസുകളും ഓഫീസ് പ്രവർത്തനങ്ങളും നടക്കുന്നത്.

26 വർഷം പഴക്കമുള്ള രണ്ടുനില കെട്ടിടം 2018-ൽ തന്നെ ‘അൺഫിറ്റ്’ ആയി പ്രഖ്യാപിച്ചിട്ടും അതിനുള്ളിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഓഫീസും ക്ലാസ് മുറികളും പ്രവർത്തിച്ചുവരികയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുൻഭാഗം മുറിച്ചുമാറ്റിയതോടെ അപകടസാദ്ധ്യത കൂടുതൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും കാറ്റിലും പ്ലസ് ടു വിദ്യാർത്ഥികൾ പഠിക്കുന്ന ഭാഗത്തെ സൺഷെയ്ഡ് ഇടിഞ്ഞുവീണതും ആശങ്ക ഇരട്ടിപ്പിക്കുന്നു. നാലുകോടിയോളം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും, ആവശ്യത്തിന് ക്ലാസ് മുറികളോ വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇവിഭാഗങ്ങൾക്ക് ആവശ്യമായ ലാബ് സൗകര്യമുള്ള മുറികളും ലഭ്യമല്ല. ഇതുമൂലം പുതിയ കെട്ടിടം പൂർണമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്ന സ്കൂളിന് ഇത്തവണ 96.6 ശതമാനം വിജയം മാത്രമാണ് നേടാനായത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് വെറും പത്ത് വിദ്യാർത്ഥികൾ മാത്രം.

അസൗകര്യങ്ങൾ നിരവധി

കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ ആർ.ഒ പ്ലാന്റ് സ്ഥാപിക്കാമെന്ന ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനവും ഇതുവരെ നടപ്പായിട്ടില്ല

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളായിട്ടും പട്ടണക്കാട് സ്കൂളിനോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്

 പുതിയ അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ, അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റുകയും പുതിയ കെട്ടിടം പ്രവർത്തനസജ്ജമാക്കുകയും ചെയ്യണമെന്ന് ആവശ്യം

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മോശമായതോടെ പല വിദ്യാർത്ഥികളും ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് മാറുന്നുണ്ട്

- രക്ഷിതാക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL