SignIn
Kerala Kaumudi Online
Thursday, 28 May 2026 2.46 AM IST

അങ്കമാലിയിൽ തെരുവുനായ ശല്യം: പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി നഗരസഭ

town

അങ്കമാലി: നഗരസഭ പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായകളെ നിയന്ത്രിക്കാൻ നടപടി ആരംഭിച്ചു. 18 യാത്രക്കാരെ പേപ്പട്ടി കടിച്ചതിനെത്തുടർന്ന് ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. നായകളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി പാലക്കാട്ടുനിന്നുള്ള പട്ടിപിടുത്തക്കാരെ നഗരസഭ നിയോഗിച്ചു. അങ്കമാലി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 530ഓളം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. വീടുകളിൽ വളർത്തുന്ന നായ്ക്കളിൽ ഭൂരിഭാഗത്തിനും പ്രതിരോധ കുത്തിവയ്പ് നൽകി ലൈസൻസ് പുതുക്കിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് തള്ളുന്ന മേഖലകളിൽ നായകൾ കൂട്ടമായി തമ്പടിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ചില കേന്ദ്രങ്ങളിൽ ശല്യം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഇതോടൊപ്പം പൊതുമാർക്കറ്റുകളിലെ ഇറച്ചി, മത്സ്യ വിപണന കേന്ദ്രങ്ങളിലും നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നു. നഗരസഭ പ്രദേശം മാലിന്യമുക്തമാക്കാൻ കഴിഞ്ഞാൽ തെരുവുനായ ശല്യം ഒരുപരിധിവരെ കുറയ്ക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.

18 പേരെ കടിച്ച പേപ്പട്ടിയോടൊപ്പമുണ്ടായിരുന്ന മൂന്ന് നായ്ക്കൾ സി.സി ടിവി ക്യാമറകളിൽ പതിഞ്ഞെങ്കിലും അവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കാൽനടയാത്രക്കാരിൽ ഭീതിയുണ്ടാക്കുന്നു. പിടികൂടി വാക്സിനേഷൻ നൽകുന്ന നായകളെ തിരിച്ചറിയാൻ പ്രത്യേകം അടയാളമിടുന്നുണ്ട്. പ്രാദേശികവാസികളുടെ എതിർപ്പിനെത്തുടർന്ന് എ.ബി.സി പദ്ധതി പ്രാവർത്തികമാക്കാൻ കഴിയാത്തതാണ് തെരുവുനായ്ക്കളെ പൂർണമായും ഒഴിവാക്കുന്നതിന് തടസമാകുന്നത്. എ.ബി.സി പദ്ധതിക്ക് ഫണ്ട് നീക്കിവച്ചെങ്കിലും വന്ധ്യംകരണ സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്.

തെരുവുനായ്ക്കൾക്കെതിരെ സുപ്രീംകോടതി വിധി വന്നെങ്കിലും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചാലേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടർനടപടികൾ സ്വീകരിക്കാനാകൂ. വാക്സിനേഷനെടുക്കുന്ന നായ്ക്കളെ കൂട്ടിൽ പാർപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയാണെന്നും നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL