ആലപ്പുഴ ബ്ളൂ ഇക്കോണമി തലസ്ഥാനം
ഹരിപ്പാട് മെഡിക്കൽ കോളേജ്
മെഗാ ടൂറിസം പദ്ധതിയ്ക്ക് ഫണ്ട്
ആലപ്പുഴ: ആലപ്പുഴയെ ബ്ളൂ ഇക്കോണമിയുടെ തലസ്ഥാനമാക്കിയും ഹൗസ് ബോട്ടുൾപ്പെടെ ടൂറിസത്തെ വ്യവസായമാക്കിയുമുള്ള ബഡ്ജറ്റ് പ്രഖ്യാപനം ജില്ലയിൽ വികസനത്തിന് വഴിതുറക്കും. ഹരിപ്പാട് മെഡിക്കൽ കോളേജ് പ്രഖ്യാപനവുംഏറെ പ്രതീക്ഷ പകരുന്നു. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയും തീർത്ഥാടന ടൂറിസം സർക്യൂട്ടും നഗരത്തിന്റെയും സമീപപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റും. മത്സ്യബന്ധനം, തീരസംരക്ഷണം, ധാതുലവണ സമ്പത്ത് തുടങ്ങി പലകാര്യത്തിലും ബ്ളൂ ഇക്കോണമി ആശങ്കകൾക്ക് ഇടയാക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ നാവിക ചരിത്രത്തിൽ ദിവാൻ ഭരണകാലം മുതൽ ഇടം നേടിയ തുറമുഖ പട്ടണമായ ആലപ്പുഴയ്ക്ക് ചരക്ക് നീക്കത്തിലും തൊഴിൽ മേഖലയിലും ഗതകാല പ്രൗഡി വീണ്ടെടുക്കാൻ പുതിയ പ്രഖ്യാപനമിടയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്.
ആലപ്പുഴയിലെ കടൽപ്പാലവും തുറമുഖവും പുനഃസ്ഥാപിക്കുകയും ചരക്കുകപ്പലുകളും യാത്രാ നൗകകളും നങ്കൂരമിടാൻ അവസരമൊരുങ്ങുകയും ചെയ്താൽ ഒരു വിനോദ സഞ്ചാര നഗരമെന്ന നിലയിൽ ആലപ്പുഴയ്ക്ക് വലിയ മുതൽക്കൂട്ടായി പദ്ധതി മാറും. തീരദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുക, സമുദ്ര ജൈവവൈവിദ്ധ്യം നിലനിർത്തുക, തീരപ്രദേശങ്ങൾക്കും സമുദ്രസമ്പത്തിനും സുരക്ഷ വർദ്ധിപ്പിക്കുക എന്നീ 3 കാര്യങ്ങളാണ് ബ്ലു ഇക്കോണമി എന്ന ആശയത്തിന്റെ കാതൽ.
വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് ആവശ്യമായ ആഹാരം, ശുദ്ധജലം, ഊർജം, ധാതുക്കൾ എന്നിവയ്ക്ക് പ്രകൃതിദത്തമായി ആശ്രയിക്കാവുന്ന ഇടമായി മാറിയതാണ് ബ്ളൂ ഇക്കണോമിയുടെ കേന്ദ്രമായി ആലപ്പുഴയെ മാറ്റിയത്.
മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതനസ്മാരകങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദമായ മുസിരിസ് ടൂറിസം പദ്ധതി വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി ആലപ്പുഴയെ മാറ്റുമെന്നും ബഡ്ജറ്രിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 19കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ടൂറിസത്തിന് ഉണർവേകും
ടൂറിസത്തെ വ്യവസായമാക്കി മാറ്റുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം ഹൗസ്ബോട്ടുൾപ്പെടെയുള്ള ടൂറിസം മേഖലയ്ക്ക് ഉണർവേകും
വിനോദ സഞ്ചാര മേഖലയിലുണ്ടാകുന്ന വികസനം ആമേഖലയിൽ തൊഴിലവസരങ്ങളും വരുമാനവും വർദ്ധിക്കാൻ ഇടയാക്കും.
മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെർമിനലുകളും പരിഷ്കരിച്ച് ഉപയോഗപ്പെടുത്തും
ഹൗസ്ബോട്ട് മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നതിനു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നതും ടൂറിസം മേഖലയ്ക്ക് ആശ്വാസമാണ്
പാതിരാമണലിലേക്ക് റോപ്പ് വേ
പാതിരാമണൽ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ
മുഹമ്മ ജെട്ടിയിൽ നിന്നും പാതിരാമണൽ ദ്വീപിലേക്ക് സഞ്ചാരികൾക്കു വേണ്ടി റോപ്പ് വേ
ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ ,പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര
തീർത്ഥാടന ടൂറിസം സർക്യൂട്ട്
അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന ടൂറിസം സർക്യൂട്ടാണ് ജില്ലയ്ക്ക് ബഡ്ജറ്റിലുള്ള ഒരു പ്രധാന പദ്ധതി.
കയറിന് തലോടൽ
കയർമേഖലയിൽ ഉൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ പദ്ധതി
കയർ ഉത്പന്നങ്ങളുടെ വിപണി ഉറപ്പുവരുത്താനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സഹായം നൽകും.
കയർ മേഖലയ്ക്ക് 107.64 കോടി രൂപയും കയർ, കയറുൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള വിപണി വികസന സഹായമായി (50 ശതമാനം സംസ്ഥാനത്തിന്റെ തുല്യ വിഹിതം) 10 കോടി രൂപയും വകയിരുത്തി.
കയർ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, വിപണനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു സഹായം നൽകുന്നതിനുള്ള പദ്ധതിയ്ക്കായി 11 കോടി രൂപയാണ് നീക്കിവച്ചത്
വിലസ്ഥിരതാ ഫണ്ടായി 35 കോടി രൂപ വകയിരുത്തിയതും കയർ മേഖലയ്ക്ക് പ്രതീക്ഷയ്ക്ക് വകയേകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |