SignIn
Kerala Kaumudi Online
Saturday, 20 June 2026 2.39 AM IST

ഹരിപ്പാട് മെഡിക്കൽ കോളേജ് നാടിന്റെ സ്വപ്നപദ്ധതി

ആലപ്പുഴ: പതിറ്റാണ്ടിനുശേഷം യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഹരിപ്പാട് മെഡിക്കൽ കോളേജ് പദ്ധതി ബ‌ഡ്ജറ്റിൽ പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരിയ്ക്കൊപ്പം രണ്ട് മെഡിക്കൽ കോളേജുകളുള്ള ജില്ലയെന്ന പദവയിലേക്ക് ആലപ്പുഴയും ഉയരും.

ആതുരസേവനരംഗത്തെ മികച്ചസേവനത്തിനൊപ്പം കരുവാറ്റയെന്ന നാട്ടിൻപുറത്തിന്റെ സമഗ്രവികസനവും പദ്ധതിയിലൂടെ യാഥാർത്ഥ്യമാകും. ഹരിപ്പാട് എം.എൽ.എയും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് മന്ത്രിസഭയുടെ കന്നി ബ‌ഡ്ജറ്രിൽ തന്നെ സ്വപ്ന പദ്ധതിയായ മെഡിക്കൽ കോളേജിന്റെ പ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചരണ സമയത്തും വിജയിച്ചശേഷവും ചെന്നിത്തല നാടിന് നൽകിയ വാക്ക് ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ നിറവേറ്റിയതിന്റെ ആഹ്ളാദത്തിലാണ് നാടും നാട്ടുകാരും.

2015ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഹരിപ്പാട് മെഡിക്കൽ കോളേജിന് ഭൂമി ഏറ്രെടുക്കലും കല്ലീടിലും പൂർത്തിയാക്കിയെങ്കിലും പിന്നീട് അധികാരത്തിൽ വന്ന ഇടതുമുന്നണി ഇതിനോട് മുഖംതിരിച്ചു.

ഹരിപ്പാട് മെഡിക്കൽ കോളേജ് പദ്ധതി യാഥാർത്ഥ്യമായാൽ വണ്ടാനം ഗവ.ടി.ഡി മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാനും സഹായകമാകും

2015ൽ എല്ലാം തയ്യാറായി

 കരുവാറ്റയിൽ 25ഏക്കർ സ്ഥലമാണ് മെഡിക്കൽ കോളേജിനായി സർക്കാർ അന്ന് ഏറ്രെടുത്തത്

 പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് അന്ന് കോളേജ് സ്ഥാപിക്കാനുദ്ദേശിച്ചത്

 'ഇൻഫ്രാമെഡ്' ഷെയർ വിൽപ്പന വഴി ധനസമാഹരണത്തിനും പദ്ധതി തയ്യാറാക്കിയെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല

 പൊതുജനങ്ങൾക്ക് 1,000 രൂപയുടെ ഓഹരികൾ വാഗ്‌ദാനം ചെയ്തുകൊണ്ട് മെഡിക്കൽ കോളേജിനായി ഫണ്ട് സ്വരൂപിക്കുകയായിരുന്നു അന്നത്തെ ലക്ഷ്യം

 പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഓഹരികളുടെ മുഖവില നിശ്ചയിച്ചിരുന്നത്

അന്ന് ലക്ഷ്യം വച്ചത്

28 സ്പെഷ്യാലിറ്റി വകുപ്പുകളും 250-ലധികം ബിരുദാനന്തര ഡോക്‌ടർമാരും ഏകദേശം 650 മറ്റ് ജീവനക്കാരുമായി ആരംഭിക്കാനുദ്ദേശിച്ച മെഡിക്കൽ കോളേജിൽ 1,500 ഓളം പേർ പ്രതിദിനം വൈദ്യസഹായം തേടിയെത്തുമെന്നാണ് കണക്കാക്കിയിരുന്നത്. നഴ്‌സിംഗ്, ഫാർമസി കോളേജുകൾ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എൽ) കാർഡ് ഉടമകൾക്കും ഹരിപ്പാട് നിവാസികൾക്കും ആശുപത്രിയിൽ പ്രതിവർഷം രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും ഓഫർ ചെയ്തിരുന്ന പദ്ധതിയാണ് അന്ന് പൊളിഞ്ഞുപോയത്..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL