SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

തുറവൂർ–അരൂർ ഉയരപ്പാത, സർവീസ് റോഡിൽ യാത്ര ദുരിതം

d

തുറവൂർ: തുറവൂർ–അരൂർ ഉയരപ്പാതയുടെ നീട്ടിപ്പണിയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണം പുരോഗമിക്കുന്നതിനിടെ, ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. പൈലിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ ഇരുവശങ്ങളിലെയും ഇടുങ്ങിയ സർവീസ് റോഡുകളിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.

ഒറ്റവരി സർവീസ് റോഡിലൂടെയുള്ള ഈ യാത്രയാണ് പ്രദേശത്തെ മണിക്കൂറുകളോളം കുരുക്കിലാക്കുന്നത്. വാഹനങ്ങൾ റോഡരികിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നുണ്ട്. നിർമ്മാണം നടക്കുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് ദേശീയപാതയിലെ ആയിരക്കണക്കിന് യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

തുറവൂർ കവല മുതൽ ആലക്കപറമ്പ് വരെയുള്ള ഭാഗത്താണ് ഉയരപ്പാതയുടെയും അനുബന്ധ സർവീസ് റോഡിന്റെയും നിർമാണം പുരോഗമിക്കുന്നത്. രൂപരേഖ പ്രകാരം പാത തുറവൂരിൽ അവസാനിക്കേണ്ടതായിരുന്നെങ്കിലും പിന്നീട് മാറ്റം വരുത്തി തുറവൂർ കവലയിൽ നിന്ന് തെക്കോട്ട് ആലക്കപ്പറമ്പ് വരെ 210 മീറ്റർ കൂടി തൂണിൽ തന്നെ ഉയരപ്പാത നീട്ടാനും, തുടർന്ന് 280 മീറ്റർ ദൂരത്തിൽ അനുബന്ധ റോഡ് നിർമ്മിക്കാനും തീരുമാനിക്കുകയായിരുന്നു. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ യാത്രക്കാർക്ക് വലിയ ദുരിതമായി മാറിയിരിക്കുന്നത്. ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത് നിലവിലുള്ള അശാത്രീയമായ ഗതാഗത നിയന്ത്രണമാണ്. തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് തുറവൂർ ജംഗ്ഷനിൽ നിന്ന് നേരിട്ട് വടക്കോട്ട് പോകാൻ കഴിയാതെ തെക്കോട്ട് ആലക്ക പറമ്പ് വരെ പോയി യു-ടേൺ എടുത്ത് തിരിച്ചുവരേണ്ട സാഹചര്യമാണുള്ളത്. ഇത് തെക്ക് നിന്നും വടക്ക് നിന്നും എത്തുന്ന വാഹനങ്ങളെ ഒരുപോലെ ബാധിക്കുകയും രൂക്ഷമായഗതാഗത കുരുക്കിന് ഇടയാക്കുന്ന സ്ഥതിയാണ്.

ചെളിവെള്ളവും പണിതരും

1.നിർമ്മാണസ്ഥലത്ത് മഴവെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. ചെളിവെള്ളം സർവീസ് റോഡിലേക്കും നടപ്പാതയിലേക്കും ഒഴുകുന്നതിനാൽ നടന്നുപോകാൻ പോലും പറ്റുന്നില്ല

2. കാലിൽ ചെളി പുരളുന്നതും തെന്നിവീഴുന്നതും പതിവാണ്.വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം ദേഹത്തേക്ക് തെറിക്കുന്നതും നിത്യസംഭവമാണ്.

3. വിദ്യാർത്ഥികൾ, അദ്ധ്യാപകർ,വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ദിവസേന ഈ ദുരിതം സഹിച്ച് ഇതുവഴി യാത്ര ചെയ്യുന്നത്.


അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം അടിയന്തരമായി പരിഷ്‌കരിച്ച് സ്ഥിരമായ പരിഹാരം ഉണ്ടാകണം

- എൻ.പി.ഷിബു, സി.പി.എം അരൂർ ഏരിയ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL