
കായംകുളം :ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനൽകിയതിന് നഷ്ടപരിഹാരമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അലംഭാവത്തെത്തുടർന്ന് കായംകുളം നഗരസഭയ്ക്ക് നഷ്ടമായി. കൃത്യസമയത്ത് രേഖകൾ സഹിതം അപേക്ഷ നൽകാതിരുന്നതാണ് കാരണം.സോഷ്യൽഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് വിവരാവകാശ നിയമ പ്രകാരം കായംകുളം നഗരസഭയിലെ ഇപ്പോഴത്തെ വിവരാവകാശ ഓഫീസർക്ക് നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്നത് പുറത്തുവന്നത്.
ദേശീയപാതയുടെ നിർമ്മാണത്തിനായി നിരവധി വസ്തുവകകളാണ് കായംകുളം നഗരസഭ ദേശീയപാത അതോറിട്ടിക്ക് വിട്ടുനൽകിയത്. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്ത സ്വകാര്യ വ്യക്തികൾക്ക് നഷ്ടപരിഹാരമായി വൻതുക ലഭിച്ചപ്പോഴാണ് നഗരസഭയ്ക്ക് നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ കഴിയാതിരുന്നത്.
ലഭിക്കേണ്ടത് കോടികൾ
കൃഷ്ണപുരം,കായംകുളം, കീരിക്കാട് വില്ലേജുകളിൽപ്പെട്ട 13.79 ആർസ് (34.27സെന്റ് ) ഭൂമിയാണ് റോഡിനായി നഗരസഭ വിട്ടുനൽകിയത്
സെന്റിന് 12ലക്ഷം രൂപ വരെ സ്വകാര്യ വ്യക്തികൾക്ക് നഷ്ട പരിഹാരം ലഭിച്ചിരുന്നു. കെട്ടിടങ്ങൾക്ക് വേറെയും തുക വകയിരുത്തി
ഭൂമി നൽകിയവർക്ക് നഷ്ടപരിഹാരത്തുക നൽകി ഭൂമി ഏറ്റെടുത്തശേഷം അതിലെ നിർമ്മിതികൾ നീക്കംചെയ്ത ശേഷമാണ് റോഡുപണിആരംഭിച്ചത്
ഈ സമയത്തൊന്നും നിർദ്ദിഷ്ട ഫോമിൽ കൃത്യസമയത്ത് അപേക്ഷ നൽകാൻ നഗരസഭയ്ക്ക് കഴിയാതിരുന്നതിനാലാണ് നഷ്ടപരിഹാരം കിട്ടാതിരുന്നത്
കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണമാണ് നഗരസഭയ്ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വന്നത്. അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം
-അഡ്വ.ഒ.ഹാരിസ്, സോഷ്യൽ ഫോറം പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |