ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി പടിവാതിൽക്കലെത്തിയിട്ടും പുന്നമടയിലെ നെഹ്റു പവലിയൻ രണ്ട് നിലകളിലായി ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ പുനർനിർമ്മിക്കുവാനുള്ള പദ്ധതിക്ക് ഒരു പുരോഗതിയുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവകേരളസദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഏഴ് കോടി രൂപ വീതം ചെലവഴിച്ച് വിവിധ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുമതി നൽകിയതിന്റെ ഭാഗമായാണ് ആലപ്പുഴ മണ്ഡലത്തിൽ നിന്ന് എം.എൽ.എ പി.പി.ചിത്തരഞ്ജന്റെ ശുപാർശ പ്രകാരം നെഹ്റു പവലിയൻ പുനർനിർമ്മാണവും ഇടംപിടിച്ചത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനടക്കം വിവിധ വകുപ്പുകളുടെ സംയുക്ത യോഗങ്ങൾ ചേർന്നിരുന്നെങ്കിലും, മാസങ്ങളായി പദ്ധതിക്ക് യാതൊരു അനക്കവുമില്ല.
ഒരേസമയം 1400പേർക്ക് വള്ളംകളി കാണാൻ കഴിയുന്ന തരത്തിൽ രണ്ടുനിലകളിലായി പവലിയൻ പുനർനിർമ്മിക്കാനായിരുന്നു പദ്ധതി. ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോം, ഹാൾ, വി.ഐ.പി ഹാൾ, ഡൈനിംഗ് ഏരിയ, ലോബി, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുംണ വള്ളംകളി നടക്കാത്ത സമയങ്ങളിൽ കഫറ്റീരിയ, വിദേശികൾക്ക് പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യം എന്നിവയും തയ്യാറാക്കാനും പദ്ധതിയിലുണ്ട്. സങ്കൽപ് ആൻഡ് ഇ എർത്ത് ആർക്കിടെക്സാണ് പവലിയൻ രൂപകൽപ്പന ചെയ്യുന്നത്.
ഫിനിഷിംഗ് പോയിന്റിലെ ഗ്യാലറിയുടെ മേൽക്കൂര കീറിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പ്രദേശത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ നായ ശല്യവും രൂക്ഷമാണ്. ഗ്യാലറിയിലേക്കുള്ള നടപ്പാതയാണ് ഹൗസ് ബോട്ടിലേക്ക് പ്രവേശിക്കാൻ യാത്രക്കാരും ഉപയോഗിക്കുന്നത്. ഇവിടം പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ് .
നടന്നത് ചർച്ചകൾ മാത്രം
ബോട്ടോ വള്ളമോ ആശ്രയിക്കാതെ നെഹ്റു പവലിയനിലെത്താനാവില്ല
മദ്യപരടക്കം ഇവിടം താവളമാക്കുന്നുണ്ട്. പൊലീസിന് എത്താൻ ബുദ്ധിമുട്ടാണ്
വള്ളംകളി അടുക്കുന്ന വേളയിൽ മാത്രമാണ് എല്ലാവർഷവും പ്രദേശം വൃത്തിയാക്കുന്നത്
കഴിഞ്ഞദിവസം പുല്ല് വെട്ടിത്തെളിച്ച തൊഴിലാളികൾ പുല്ല് കായലിലേക്കിട്ടെന്ന് ആക്ഷേപം
പദ്ധതി ചെലവ്
₹7കോടി
നെഹ്റു പവലിയല നിർമ്മാണ പദ്ധതിയുടെ പുരോഗതിയെ കുറിച്ച് നിലവിൽ യാതൊന്നും അറിയില്ല. യോഗം ചേർന്നിട്ട് മാസങ്ങളായി
- കെ.ഐ.ഐ.ഡി.സി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |