അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവസ്ഥ നാൾക്കുനാൾ ദയനീയമാണ്. നിർധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ഇവിടെ ഡയാലിസിസിന് വരുന്നവർക്ക് എല്ലാം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. സോഡിയം ബൈകാർബണേറ്റ്, ഹൈഡ്രജൻ പൊറോക്സൈഡ്, ആസിഡുകൾ, ഡയലെെസർ, ട്യൂബ് തുടങ്ങി ബി.പിയുടെ മരുന്ന് വരെ പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങണം. ഒരുഡയലൈസറിന് 1200 രൂപയോളം വില വരും. മൂന്ന് ഡയാലിസിസ് കഴിയുമ്പോൾ വീണ്ടും പുതിയത് വാങ്ങണം. പാവപ്പെട്ട രോഗികളെ ഇത് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.
ദിവസേന പതിനാറോളം രോഗികൾ ഡയാലിസിസിന് എത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നാം നിലയിലാണ് ഡയാലിസിസ് സെന്ററുള്ളത്. കൂടുതലും വയോജനങ്ങളാണ് ഡയാലിസിസിന് എത്തുന്നത്. ഇവരെ ഒന്നാം നിലയിലെ സെന്ററിലേക്ക് കൊണ്ടു പോകാൻ വീൽചെയറോ, ട്രോളിയോ ലഭ്യമല്ല. രോഗിയുടെ കൂടെ വരുന്നവർ ആശുപത്രിയിൽ മുഴുവൻ നടന്ന് ഏതെങ്കിലും വാർഡിലെത്തി ഇവ കൊണ്ടുവരണം. അത്യാഹിത വിഭാഗത്തിലെത്തിയാൽ നെഫ്രോളജി ഡോക്ടർ ഇല്ലെന്ന മറുപടിയാവും ലഭിക്കുക. ഏതെങ്കിലും ജൂനിയർ ഡോക്ടർ വന്ന് വീണ്ടും പല പല ടെസ്റ്റുകൾ നടത്താൻ ആവശ്യപ്പെടും.
പ്രത്യേക വാർഡില്ല
1. രോഗികളുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഷെൽഫോ, കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ സ്റ്റൂളോ ഇല്ല. ഡയാലിസിസിന് വിധേയരാകുന്നവരുടെ കൂടെ എത്തുന്നവർ നിൽക്കണം. വൃക്കരോഗികൾക്ക് ആശുപത്രിയിൽ പ്രത്യേക വാർഡുമില്ല
2. പനി പോലുള്ള രോഗങ്ങളുള്ളവർ കിടക്കുന്ന 12, 13, 14 വാർഡുകളിലാണ് വൃക്കരോഗികളെയും പ്രവേശിപ്പിക്കുക. പരിശോധനയ്ക്കെത്തുന്ന ഡോക്ടർ രോഗിയെ കണ്ടെത്താൻ വാർഡ് മുഴുവൻ നടക്കേണ്ടി വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |