ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. ഒന്നാമതെത്തുന്ന ചുണ്ടന് 25 ലക്ഷവും രണ്ടാം സ്ഥാനത്തിന് 20 ലക്ഷവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷവും നാലാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാക്കി വർദ്ധിപ്പിച്ചു. നേരത്തെ ഇത് യഥാക്രമം രണ്ടുലക്ഷം, ഒന്നരലക്ഷം, ഒരുലക്ഷം, 50000 രൂപ എന്നിങ്ങനെയായിരുന്നു.
മന്ത്രി പി.സി വിഷ്ണുനാഥിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന എൻ.ടി.ബി.ആർ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് കെ.സി വേണുഗോപാൽ എം.പി. തീരുമാനം അറിയിച്ചത്. ഈ വള്ളങ്ങൾക്ക് ബോണസായി 6.60 ലക്ഷവും നൽകിയിരുന്നു. ഇത് 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ബോണസ് തുക 825000 രൂപയാകും. ഒന്നാം സ്ഥാനം നേടുന്ന വള്ളത്തിന് 86,0000 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇനി മുതൽ 33.25 ലക്ഷം രൂപ ലഭിക്കും.
2018ൽ സി.ബി.എൽ ആരംഭിച്ചത് മുതൽ 2024 വരെ സി.ബി.എല്ലായിരുന്നു വിജയിക്കുന്ന വള്ളങ്ങൾക്കുള്ള ബോണസും സമ്മാനത്തുകയും നൽകിയിരുന്നത്. ഒന്നാംസമ്മാനം അഞ്ചുലക്ഷം, രണ്ടാംസമ്മാനം നാലുലക്ഷം, മൂന്നാം സമ്മാനം മൂന്നുലക്ഷം, നാലാം സമ്മാനം രണ്ടുലക്ഷവും വള്ളങ്ങൾക്ക് നാലുലക്ഷം വീതം ബോണസുമായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞ വർഷം സി.ബി.എൽ മത്സരങ്ങൾ പ്രഖ്യാപിക്കാതിരുന്നതിനാൽ നെഹ്റുട്രോഫി സംഘാടക സമിതി നേരിട്ട് മത്സരങ്ങൾ നടത്തുകയായിരുന്നു. എന്തായാലും, സമ്മാനത്തുക കുത്തനെ കൂട്ടിയതോടെ മത്സരവും കടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ജില്ലാ കളക്ടർ ഷാജി വി.നായർ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഡി. തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, മുൻ എം.എൽ.എമാരായ അഡ്വ.എ.എ.ഷുക്കൂർ, സി.കെ. സദാശിവൻ, കെ.കെ.ഷാജു , ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ.കുറുപ്പ് എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ്, എ.ഡി.എം സി. പ്രേംജി, എൻ.ടി.ബി.ആർ.സെക്രട്ടറിയും ആർ.ഡി.ഓയുമായ ജെ.മോബി, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ പി.എസ്. വിനോദ്, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു.
സ്ഥിരം സഹായം
രണ്ടുകോടി
നെഹ്രു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന സ്ഥിരം സഹായം കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടത് പ്രകാരം രണ്ടുകോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മുമ്പ് ഇത് ഒരുകോടി രൂപയായിരുന്നു.സി.ബി.എല്ലിനായി ഇത്തവണയും 11 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |