
ആലപ്പുഴ: തോരാമഴയിലും കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിലും കുട്ടനാട്ടിൽ രണ്ടാം കൃഷി തുടങ്ങിയതും പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ ആരംഭിച്ചതുമായ പാടങ്ങളിൽ മടവീഴ്ച. മോട്ടോർപുരകളും മോട്ടോറുകളുമുൾപ്പെടെ മുങ്ങി.കോടികളുടെ നഷ്ടമുണ്ടായി.
ദിവസങ്ങളായി വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്ന ചമ്പക്കുളത്ത് മിക്കപാടങ്ങളിലും മടവീണു. രണ്ടാം കൃഷിയുടെ വിത കഴിഞ്ഞ് 23 ദിവസം മാത്രം വളർച്ചയെത്തിയ നെൽച്ചെടികൾ തലപ്പുപോലും കാണാനാകാത്ത വിധം വെള്ളത്തിലായതോടെ ലക്ഷങ്ങൾ ചെലവഴിച്ച് കൃഷിയിറക്കിയ കർഷകർക്ക് കണ്ണീരും കടവും ബാക്കിയായി.
ചമ്പക്കുളം, നെടുമുടി, തകഴി,അമ്പലപ്പുഴ, കരുവാറ്റ കൃഷിഭവൻ പരിധികളിലാണ് വലിയ നാശനഷ്ടമുണ്ടായത്.
ചമ്പക്കുളത്തെ പൊങ്ങുംപുറ, മൂലപ്പൊങ്ങുംപുറ, പനയങ്കേരി തുടങ്ങിയ വലിയ പാടങ്ങളിലെല്ലാം മടവീണു. ചമ്പക്കുളം കൃഷി ഭവൻ പരിധിയിലെ 18 പാടശേഖരങ്ങളിൽ 14 എണ്ണത്തിലും മടവീണതായാണ് കൃഷി വകുപ്പിന് ലഭിച്ച വിവരം. നാലുപാടങ്ങളിൽ നിലവിൽ മടവീണിട്ടില്ലെങ്കിലും ഏത് സമയവും ബണ്ടുപൊട്ടി വെള്ളം മുങ്ങാവുന്ന നിലയിലാണ്. നെടുമുടി മണപ്ര വടക്ക് പാടത്തും മടവീഴ്ച സ്ഥിരീകരിച്ചു. നെടുമുടി കൃഷിഭവൻ പരിധിയിലെ കൃഷിയുള്ളതും ഇല്ലാത്തതുമായ മിക്ക പാടങ്ങളിലും പുറം ബണ്ടുകളിൽ നിന്ന് വെളളം കവിഞ്ഞുകയറുന്നുണ്ട്. മഴയും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവും തുടർന്നാൽ നെടുമുടിയിലും കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടിവരും.അമ്പലപ്പുഴ സൗത്ത് വലിയതുരുത്ത്, ചെറിയ തുരുത്ത് തെക്കേ മണപ്പള്ളി പാടശേഖരങ്ങളിൽ വെള്ളം ഇരച്ചുകയറുകയാണ്. കുടകുച്ചാൽ, കുറുവത്തടം പാടങ്ങളിൽ മോട്ടോർ തറ മോട്ടോർ സഹിതം മുങ്ങി. വെളിയനാട് തൈ പ്പറമ്പ് വടക്ക് പാടശേഖരത്തിലെ മോട്ടോർ ഷെഡ് തകർന്നുകിഴക്കൻ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പാടശേഖരം 5 കിലോമീറ്റർ നീളത്തിൽ കൃഷി ഇറക്കാൻ സാധിക്കാത്ത വിധം ഒലിച്ചുപോയി. നിലവിൽ 10 മോട്ടോർ തറകളും തകർന്നു. ചിങ്ങങ്കരി ഗോദകരിപ്പാടത്തെ എട്ടിടങ്ങളിൽ മോട്ടോർ ഷെഡ്, മോട്ടോർ തറയും മുങ്ങി. കരുവാറ്റ ചാലുങ്കൽപ്പാടത്തും (62 ഹെക്ടർ) മടവീണു.
2018ലേതിന് സമാനമായ സാഹചര്യം
അച്ചൻകോവിൽ , മണിമല, പമ്പയാറുകളിൽ നിന്നുള്ള കുത്തൊഴുക്കാണ് കുട്ടനാട്ടിൽ 2018ലേതിന് സമാനമായ സാഹചര്യം സൃഷ്ടിച്ചത്
തോട്ടപ്പള്ളി, തണ്ണീർമുക്കം വഴി വെള്ളം തുറന്നുവിട്ടിട്ടുണ്ടെങ്കിലും പൊഴികളിൽ മണ്ണും ചെളിയും അടിയുന്നതും ചപ്പുചവറുകൾ മൂടുന്നതും ഒഴുക്കിന് തടസമാകുന്നുണ്ട്
ചക്രവാതച്ചുഴികളുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് തുടരുന്നതും ഭീഷണിയാണ്. ഇന്നലെ പകൽ മഴ പെയ്യാതിരുന്നത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
പുറംബണ്ടുകൾ ബലപ്പെടുത്തിയില്ല
കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല്സംഭരിച്ച വകയിൽ 62 കോടിലധികം രൂപ കിട്ടാക്കടമായി തുടരുന്നതിനിടെ കടംവാങ്ങിയും പണയം വച്ചും കൃഷിയിറക്കിയ കർഷകരാണ് പ്രളയത്തിൽ ദുരിതത്തിലായത്. കുട്ടനാട് പാക്കേജിലും കേര പദ്ധതിയിലും കുട്ടനാട്ടിലെ പുറംബണ്ടുകൾ ബലപ്പെടുത്താൻ പദ്ധതികളില്ലാതെ പോയതാണ് വെള്ളപ്പൊക്കത്തിനും കൃഷി നാശത്തിനും കാരണം. വേനൽമഴ കാരണം ജൂൺ അവസാനവും ജൂലൈ ആദ്യവാരവുമായാണ് ഇത്തവണ രണ്ടാം കൃഷിയുടെ വിത നടത്തിയത്. രണ്ടാം കൃഷിയുടെ വിളവെടുപ്പ് പൂർത്തിയാക്കിയാലേ പുഞ്ചകൃഷി നടത്താനാകൂ. ഡിസംബറിലെങ്കിലും പുഞ്ചയുടെ വിത പൂർത്തിയാക്കിയാലേ ഏപ്രിൽ , മേയ് മാസത്തെ ഉഷ്ണ തംരഗത്തിന് മുമ്പ് വിളവെടുപ്പ് ആരംഭിക്കാനാകൂ.
കുട്ടനാട്ടിൽ മടവീഴ്ചയിൽ വ്യാപകമായ കൃഷിനാശമാണുണ്ടായിരിക്കുന്നത്. മോട്ടോർ തറകളും മോട്ടോറുകളും മുങ്ങി. കർഷകർ സ്വന്തം ചെലവിൽ ചാക്കുകളിൽ മണ്ണ് നിറച്ച് അടുക്കി പാടങ്ങൾ സംരക്ഷിക്കേണ്ട സ്ഥിതിയാണ്
- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷക സംരക്ഷണ സമിതി
ചമ്പക്കുളം, നെടുമുടി ഉൾപ്പെടെ കുട്ടനാട്ടിലാകമാനം പാടങ്ങൾ മടവീഴ്ച ഭീതിയിലാണ്. കൃഷി നാശത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്തിവരികയാണ്
- പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |