
ആലപ്പുഴ : മൂന്ന് പതിറ്റാണ്ടിന്റെ വീര്യമേറിയ സൗഹൃദത്തിന് സോഷ്യൽ മീഡിയയിൽ രണ്ട് മില്യണിലധികം ലൈക്കിന്റെ മാധുര്യം. ആലപ്പുഴ എസ്.ഡി കോളേജിലെ 1993 - 95 പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരൽ വേളയിലെ ഫോട്ടോ ഷൂട്ടാണ് ഞൊടിയിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായത്.
ബാച്ച് അംഗം കൂടിയായ ഫോട്ടോഗ്രാഫർ സന്ധ്യയാണ് ഗ്രൂപ്പ് ഫോട്ടോയ്ക്ക് വേണ്ടി പരിപാടിക്കെത്തിയ ഇരുന്നൂറോളം അംഗങ്ങളെ ചിട്ടയായി ഇരുത്തിയത്. ഇത്രയധികം പേരെ അടയിക്കിരുത്തുന്നതിനുള്ള സന്ധ്യയുടെ പരിശ്രമവും , മുപ്പത് വർഷം പിന്നിടുമ്പോഴും വീര്യം കൂടിക്കൊണ്ടിരിക്കുന്ന സൗഹൃദവും വിവിധ പ്ലാറ്റ്ഫോമുകളിൽ ചർച്ചാ വിഷയമായി. ലൈക്കുകൾ മില്യൺ കണക്കുകളിലൂടെ മുന്നേറുകയാണ്. എസ്.ഡി കോളേജിൽ 93 - 95 കാലഘട്ടത്തിൽ വിവിധ ഗ്രൂപ്പികളിൽ പഠിച്ചിറങ്ങിയവരാണ് കഴിഞ്ഞ കുറച്ച് വർഷ്ളായി ഒറ്റ ബാച്ചായി ഒത്തുചേരുന്നത്.
2017ൽ വാട്സാപ്പ് കൂട്ടായ്മയായാണ് പഴയ കൂട്ടുകാർ ഒത്തുചേർന്നത്. 2018 മുതൽ എല്ലാ ആഗസ്റ്റിലെയും ആദ്യ ഞായറാഴ്ചയായ സൗഹൃദദിനത്തിൽ ഒത്തുചേരാറുണ്ട്. പ്രളയകാലത്തും, കൊവിഡ് സമയത്തും മാത്രം ഒത്തുചേരൽ ഓൺലൈനിൽ ഒതുങ്ങി. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമടക്കമാണ് കൂട്ടുകാരെ വീണ്ടും കാണാൻ അംഗങ്ങൾ കുടുംബസമേതം ഓടിയെത്തുന്നത്. ഇത്തവണ 'അരികെ' എന്ന പേരിലായിരുന്നു ഒത്തുചേരൽ.
വിവേക് കുമാർ കൊല്ലയിലാണ് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഡോ.അനിൽകുമാർ, സീനത്തുന്നിസ, രാജശ്രീ പ്രവീൺ, സതീഷ് ആചാര്യ, മുസ്തഫ കമാൽ, ഡോ.അനൂപ്, സിനു എസ്.കുമാർ, ടി.മനോജ്, കവിത അജിത്ത്, രേഷ്മ കൃഷ്ണ എന്നിവരാണ് ഫൗണ്ടർ അഡ്മിൻമാർ. സുനു സഹദേവൻ, സീമാറാണി, സനീഷ് എന്നിവരാണ് ഇത്തവണത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വെറുമൊരു കൂട്ടായ്മയല്ല
കൂട്ടായ്മയ്ക്ക് കീഴിൽ ആരോഗ്യം, കൃഷി, കരിയർ ഗൈഡൻസ്, റീഡേഴ്സ് ഫോറം തുടങ്ങി അഭിരുചിക്കനുസരിച്ച് സബ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. കൃത്യമായ നിയമാവലിയോടെ അഡ്മിനിസ്ട്രേറ്റിവ് പാനലിന് കീഴിലാണ് കൂട്ടായ്മ മുന്നേറുന്നത്. ഒത്തുചേരലിന് പുറമേ, ഓണാഘോഷം, ക്രിസ്മസ് ആഘോഷം, ഹൗസ്ബോട്ട് യാത്രകൾ, പ്രളയകാല സഹായങ്ങൾ, കൂട്ടത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ, കുട്ടികൾക്ക് പഠനപിന്തുണ, പ്രോത്സാഹന സമ്മാനങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ നീളുന്നു. കൂട്ടായ്മക്കുള്ളിൽ മാത്രം ബിസിനസ് സംരംഭകരായ അംഗങ്ങൾ കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടത്തിയിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു. സിവിൽസർവീസുകാർ, ഡോക്ടർമാർ, എൻജിനീയർമാർ, മാദ്ധ്യമപ്രവർത്തകർ, അഭിഭാഷകർ, വ്യവസായികൾ തുടങ്ങി വിവിധ മേഖലകളിലുള്ള ഗ്രൂപ്പ് അംഗങ്ങൾ തന്നെയാണ് കുട്ടികളുടെ കരിയർ ഗൈഡൻസിന് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |