ആലപ്പുഴ: മഴയും പ്രളയവുമൊന്നും മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഒരുപ്രശ്‌നമേയല്ല. ഓണത്തിന് സദ്യ വിളമ്പാൻ കാറ്ററിംഗ് മേഖല ഇപ്പോഴേ റെഡിയാണ്. രണ്ടു കൂട്ടം പായസവും കുത്തരിച്ചോറും കറികളുമൊക്കെയായി 20 മുതൽ 30 വരെ വിഭവങ്ങൾ
തൂശനിലയിൽ വിളമ്പാൻ അവർ ഒരുങ്ങിക്കഴിഞ്ഞു. പലയിടത്തും ബുക്കിംഗ് തകൃതിയാണ്. സാമൂഹ മാദ്ധ്യമങ്ങൾ വഴി നല്ല പ്രചരണവും നടക്കുന്നുണ്ട്. വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് അധികവും. സ്ഥാപനങ്ങളിൽ നിന്നുള്ള ഓണസദ്യ ഓർഡറുകളും എത്തുന്നുണ്ട്. വാട്‌സാപ്പിലൂടെയും ഓർഡർ നൽകാം, ഓൺലൈനായി പണം അടയ്ക്കാം. കുറഞ്ഞത് അഞ്ചുപേർക്കുള്ള സദ്യ ബുക്ക് ചെയ്യണമെന്ന നിബന്ധനയുള്ള സ്ഥാപനങ്ങളുമുണ്ട്.
വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ എന്നിവയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാം. പാലട, അട, പരിപ്പ്, പഴം, കരിക്ക്, പൈനാപ്പിൾ, ഗോതമ്പ് തുടങ്ങിയ പായസങ്ങൾ ലഭിക്കും.
സദ്യ കൂടാതെ പായസം, മറ്റ് വിഭവങ്ങൾ എന്നിവ മാത്രമായും എത്തിക്കും.
സ്ഥാപനം അനുസരിച്ച് വിലയിലും മാറ്റം വരാം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇത്തവണയും ഓണ വിപണനമേളകൾ ഉടൻ ആരംഭിക്കും. വിവിധയിനം പായസങ്ങൾ, പുളിയിഞ്ചി, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവയാണ് ഇവിടെ ലഭ്യമാക്കുക.
തൂശനിലയ്ക്ക് വിലക്കയറ്റം
ഓണ സീസൺ അടുത്തതോടെ വാഴയിലയ്ക്ക് വില കൂടിയിട്ടുണ്ട്. നാലുരൂപയുള്ള തൂശനില ഇപ്പോൾ തന്നെ എട്ടുരൂപയിലെത്തി. ഓണം അടുക്കുമ്പോൾ ഇത് പത്ത് രൂപയ്ക്ക് മുകളിലാകും. കാറ്റിലും മഴയിലും വാഴ
ക്കൃഷിക്ക് കാര്യമായ നാശം സംഭവിച്ചിട്ടുള്ളതിനാൽ ഇലയ്ക്ക് വലിയ ക്ഷാമമുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ഇപ്പോൾ വാഴയില എത്തുന്നത്. പേപ്പർ വാഴയിലയിൽ ഓണസദ്യ കഴിക്കാൻ മലയാളിക്ക് താത്പര്യമില്ലാത്തതും വാഴയിലയ്ക്ക് വിലകൂടാൻ കാരണമാകുന്നുണ്ട്.
ഓണസദ്യ
ഒരാൾക്ക്: 250-600
അഞ്ചുപേർക്ക്: 1500- 2000
10 പേർക്ക്: 4000-5000
പായസം (ലിറ്റർ): 350- 500
കേറ്ററിംഗ് സ്ഥാപനങ്ങളിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് അനുസരിച്ചാണ് വില വരുന്നത്. മുൻകൂറായി ബുക്ക് ചെയ്താൽ മാത്രമേ സദ്യ ലഭിക്കു
-പി.വി. മാത്യു, സംസ്ഥാന കമ്മിറ്റി അംഗം
ഓൾ കേരള കേറ്റേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |