
തുറവൂർ: ലോകത്തിലെ ഏറ്റവും മനോഹരമായ 24 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കാക്കത്തുരുത്തിനെ തിരഞ്ഞെടുത്തത് നാഷണൽ ജിയോഗ്രാഫിക് ചാനലാണ്. എന്നാൽ, അടിസ്ഥാന യാത്രാ സൗകര്യമില്ലാതെ ദ്വീപ് നിവാസികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച്
ആരും ഇതുവരെ അറിഞ്ഞമട്ടില്ല. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഈ ദ്വീപിൽ 250 ഓളം കുടുംബങ്ങളിലായി ആയിരത്തിലധികം പേരാണ് താമസിക്കുന്നത്.
എഴുപുന്ന ജംഗ്ഷനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കോട്ട് റോഡ് മാർഗം സഞ്ചരിച്ച് ദേശീയപാതയിൽ നിന്ന് കിഴക്കോട്ട് മാറിയാൽ കാക്കത്തുരുത്തിലേക്കുള്ള കടവിലെത്താം. ഏകദേശം രണ്ട് കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമുള്ള ദ്വീപാണിത്.
കാക്കത്തുരുത്തിലേക്കുള്ള ഏക യാത്രാമാർഗം കിഴക്കോട്ടും പടിഞ്ഞാറോട്ടും സർവീസ് നടത്തുന്ന രണ്ട് കടത്തുവള്ളങ്ങളാണ്. രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെയാണ് കടത്ത് സർവീസ്. അതിന് ശേഷം ദ്വീപിലെത്താനോ, പുറത്തേക്ക് പോകാനോ മാർഗമില്ല. ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർക്ക് മറുകരയിൽ തങ്ങുകയേ രക്ഷയുള്ളൂ. രാത്രിയിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ കടത്തുവള്ളം മാത്രമാണ് ആശ്രയം. ദ്വീപിൽ സർക്കാർ സ്ഥാപനങ്ങളായി അങ്കണവാടിയും ആയുർവേദ ആശുപത്രിയും മാത്രമാണുള്ളത്. മറ്റ് ആവശ്യങ്ങൾക്കായി നാട്ടുകാർക്ക് ദ്വീപിന് പുറത്തേക്ക് പോകേണ്ട അവസ്ഥയാണ്. ദ്വീപിലെ ഭൂരിഭാഗം പേരും മത്സ്യബന്ധനം, മത്സ്യസംസ്കരണ മേഖല, കയർ മേഖല എന്നിവയെ ആശ്രയിച്ച് കഴിയുന്നവരാണ്. ദിവസേന ജോലിക്കായി പുറത്തുപോകുന്നവർ യാത്രാദുരിതം കാരണം ഏറെ ബുദ്ധിമുട്ടുകയാണ്.
പാലം തൂണിലൊതുങ്ങി
# 1995ൽ പാലം നിർമ്മിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും കായലിലെ ഉപ്പുരസം കാരണം തുരുമ്പെടുക്കുമെന്ന ആശങ്കയിൽ പദ്ധതി ഉപേക്ഷിച്ചു.പിന്നീട് സർക്കാർ ഫണ്ട് അനുവദിക്കുകയും നിർമ്മാണ നടപടികൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കാത്തതിനാൽ പദ്ധതി നിലച്ചു
# പിന്നീട് പൊതുമരാമത്ത് വകുപ്പ് ഭൂമി ഏറ്റെടുത്ത് റോഡിനാവശ്യമായ സ്ഥലം ലഭ്യമാക്കുകയും 2010ൽ പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ, പ്രതീക്ഷ ഉയർന്നെങ്കിലും 16 വർഷം കഴിഞ്ഞിട്ടും തൂണുകൾ മാത്രമായി അവശേഷിക്കുകയാണ്
# എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി കിഫ്ബി വഴി ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം കാക്കത്തുരുത്ത് ഇപ്പോഴും തുരുത്തായി തന്നെ തുടരുകയാണ്
പതിറ്റാണ്ടുകളായി നീളുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി പാലം എത്രയും വേഗം യാഥാർത്ഥ്യമാക്കണം. ഇത് കാക്കത്തുരുത്തിന്റെ ടൂറിസം സാദ്ധ്യതകൾക്ക് വലിയ ഉണർവേകും. സ്ഥലം എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ ഇടപെട്ട് പരിഹാരമുണ്ടാക്കണം
- അസീസ് പായിക്കാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |