SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

കാത്തിരിക്കുന്നത് ചരിത്രത്തിലെ വമ്പൻ സമ്മാനത്തുക

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയിലെ സമ്മാനത്തുകയിൽ സർക്കാർ പ്രഖ്യാപിച്ച വൻ വർദ്ധന ഇത്തവണ പുന്നമടക്കായലിലെ മത്സരം കൂടുതൽ കടുപ്പിക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക കാത്തിരിക്കുന്നതിനാൽ ഓരോ ടീമും വിജയലക്ഷ്യവുമായി ശക്തമായ തയ്യാറെടുപ്പിലാണ്.

ഒന്നാമതെത്തുന്ന ചുണ്ടന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 20ലക്ഷവും മൂന്നാം സ്ഥാനത്തിന് 15 ലക്ഷവും നാലാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് ഇത്തവണ സമ്മാനമായി ലഭിക്കുക. നേരത്തെ യഥാക്രമം രണ്ട് ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം, 50,000 രൂപയായിരുന്നു സമ്മാനത്തുക. വിജയിക്കുന്ന വള്ളങ്ങൾക്ക് നൽകുന്ന ബോണസിലും വർദ്ധനയുണ്ട്. നിലവിലെ 6.60 ലക്ഷം രൂപയുടെ ബോണസ് 25 ശതമാനം വർദ്ധിപ്പിച്ച് 8.25 ലക്ഷമാക്കി. ഇതോടെ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് സമ്മാനത്തുകയും ബോണസും ഉൾപ്പെടെ 33.25 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് 8.60 ലക്ഷം രൂപയായിരുന്നു.

കൂട്ടായ്മയുടെ കരുത്ത്

ഒരു ചുണ്ടൻ വള്ളം വെള്ളത്തിലിറക്കുന്നതിന് പിന്നിൽ വലിയൊരു കൂട്ടായ്മയുണ്ട്. മാസങ്ങളോളം പരിശീലിക്കുന്ന തുഴച്ചിൽക്കാർ, വള്ളത്തിന്റെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി പണം മുടക്കുന്ന ഉടമകൾ, പരിശീലനത്തിനും യാത്രയ്ക്കുമായി ഒപ്പം നിൽക്കുന്ന നാട്ടുകാർ തുടങ്ങി നിരവധിപ്പേരുടെ അദ്ധ്വാനമാണ് പുന്നമടയിലെ പോരാട്ടത്തിന് പിന്നിൽ.

2018ൽ സി.ബി.എൽ ആരംഭിച്ചതുമുതൽ 2024 വരെ വിജയിക്കുന്ന വള്ളങ്ങൾക്കുള്ള സമ്മാനത്തുകയും ബോണസും സി.ബി.എൽ ആണ് നൽകിയിരുന്നത്. ഒന്നാം സമ്മാനം അഞ്ച് ലക്ഷം, രണ്ടാം സമ്മാനം നാല് ലക്ഷം, മൂന്നാം സമ്മാനം മൂന്ന് ലക്ഷം, നാലാം സമ്മാനം രണ്ട് ലക്ഷം രൂപയും വള്ളങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ബോണസുമായിരുന്നു. കഴിഞ്ഞ വർഷം സി.ബി.എൽ മത്സരങ്ങൾ പ്രഖ്യാപിക്കാതിരുന്നതിനാൽ നെഹ്രു ട്രോഫി സംഘാടക സമിതി നേരിട്ടാണ് മത്സരം നടത്തിയത്.

നെഹ്രു ട്രോഫി വള്ളംകളിക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്ഥിരം സഹായം രണ്ടുകോടി രൂപയായി വർദ്ധിപ്പിക്കാനും ഇത്തവണ തീരുമാനമുണ്ട്. കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടതിനെ തുടർന്നാണ് തുക വർദ്ധിപ്പിക്കുന്നത്. നേരത്തെ ഒരുകോടി രൂപയായിരുന്നു സർക്കാർ സഹായം. സി.ബി.എല്ലിനായി ഇത്തവണയും 11 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

(നാളെ: ട്രാക്കിലെ ബേബീസ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL