SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

കമന്ററി ഇല്ലാതെ എന്ത് വള്ളംകളി

ആലപ്പുഴ: കായലിൽ തുഴകൾ വെള്ളംകീറിപ്പായുമ്പോൾ കരയിൽ നിന്ന് ഉയരുന്ന ശബ്ദത്തിനും വേണം അതേ വേഗം. 'അരയൊന്ന് ഇളക്കി... തലയൊന്ന് ചരിച്ച്... തുഴയൊന്ന് മുറുക്കി... കുനിഞ്ഞുകുത്തി ആഞ്ഞുവലിച്ച് കപ്പിലൊന്ന് മുത്തമിടാനായി പാഞ്ഞടുക്കുകയാണ് ജലരാജാക്കന്മാർ...' എന്ന വാക്കുകൾക്കൊപ്പം പുന്നമടയിലെ ആവേശവും കൊടുമുടിയിലെത്തും. വള്ളങ്ങളുടെ കുതിപ്പിനും തുഴക്കാരുടെ കരുത്തിനും കാണികളുടെ ആരവത്തിനും വാക്കുകളുടെ താളം പകരുന്ന കമന്ററി നെഹ്രുട്രോഫി വള്ളംകളിയുടെ അവിഭാജ്യ ഘടകമാണ്. ആറര പതിറ്റാണ്ടിലേറെയായി ഈ ശബ്ദയാത്ര തുടരുന്നു.

തുടക്കമിട്ടത് നാഗവള്ളി

1954ൽ മീനപ്പള്ളി കായലിൽ നടന്ന ആദ്യ നെഹ്രുട്രോഫി വള്ളംകളിക്ക് പിന്നാലെയാണ് ആകാശവാണിയിലൂടെ ദൃക്സാക്ഷി വിവരണത്തിന് തുടക്കമായത്. സാഹിത്യകാരനും ആകാശവാണിയിലെ കായിക വാർത്താവിഭാഗത്തിന്റെ ചുമതലക്കാരനുമായ നാഗവള്ളി ആർ.എസ്. കുറുപ്പാണ് ആശയം മുന്നോട്ടുവച്ചത്. ആദ്യം എതിർപ്പുണ്ടായെങ്കിലും സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് പോയിന്റുകളിൽ സംഘാടകരെയും കായികാദ്ധ്യാപകരെയും വിന്യസിച്ച് ആദ്യ 'ഹീറ്റ്‌സ്' സാദ്ധ്യമാക്കി. കമന്ററി ബോക്‌സിൽനിന്ന് തിരുവനന്തപുരം നിലയത്തിലേക്ക് കോൾ ബുക്ക് ചെയ്തായിരുന്നു പ്രക്ഷേപണം. നാഗവള്ളി തന്നെയായിരുന്നു ആദ്യ ദൃക്‌സാക്ഷി വിവരണക്കാരൻ.

വാക്കുകളിൽ വള്ളപ്പോര്

വാക്കുകളിലെ ആവേശവും 'ഓ... തിത്തിത്താരാ... തിത്തിത്തെയ്യ്...' എന്ന താളവും ചേർന്നപ്പോൾ കമന്ററി കാഴ്ചയ്ക്കപ്പുറം മറ്റൊരു അനുഭവമായി. വഞ്ചിപ്പാട്ടും നാടൻപാട്ടും ചേർത്ത വി.വി. ഗ്രിഗറിയും ഭാവനയുടെ കാൻവാസിൽ വാക്കുകൾകൊണ്ട് ചിത്രം വരച്ച പി.ഡി ലൂക്കും ശ്രദ്ധേയരായി. ശ്യാമളാലയം കൃഷ്ണൻനായർ, സതീഷ് ചന്ദ്രൻ, രവീന്ദ്രൻ നായർ, പ്രൊഫ. ജി. ബാലചന്ദ്രൻ, ജോ ജോസഫ് തായങ്കരി, കുറിച്ചി രാജശേഖരൻ, കെ.എസ്. വിജയനാഥ്, ഷാജി ചേരമൺ, ജോളി എതിരേറ്റ്, അഡ്വ. പ്രഭു മാത്യു തുടങ്ങിയവരും പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയി.

മലയാളത്തിൽ നിന്ന് ലോകഭാഷകളിലേക്ക്

ഓരോ വള്ളത്തിന്റെയും കരയുടെയും സമിതികളുടെയും ചരിത്രം പഠിച്ചാണ് കമന്റേറ്റർമാർ മൈക്കിന് മുന്നിലെത്തുന്നത്. നെഹ്റുട്രോഫിയിൽ ആദ്യമായി ഇംഗ്ലീഷ് കമന്ററി പറഞ്ഞത് പ്രൊഫ. ചെറിയാൻ അലക്‌സാണ്ടറായിരുന്നു. തുടർച്ചയായ മൂന്ന് പതിറ്റാണ്ടായി സജീവമായിരുന്ന അദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളാൽ മാറി നിൽക്കുകയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ നെഹ്രുട്രോഫി വിവരണം ലോകത്തെ 64 രാജ്യങ്ങളിലെത്തിയിരുന്നു. ഹിന്ദിയിൽ സന്തോഷിറാണി സാഹയും മലയാളത്തിൽ ജോ ജോസഫ് തായങ്കരി, ഹരികുമാർ വാലേത്ത്, സജിത്ത് എന്നിവരും സാന്നിദ്ധ്യമറിയിക്കുന്നു. സ്ത്രീകളിൽ റാണിയും സുമി ചെറിയാനും ശ്രദ്ധേയരായ കമന്റേറ്റർമാരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL