ആലപ്പുഴ: ഒരുകാലത്ത് ഓണവിപണിയിലെ പ്രധാന താരമായിരുന്ന മൺപാത്രങ്ങളുടെ നിർമ്മാണത്തിന് കളിമണ്ണുൾപ്പെടെ
നിർമ്മാണ വസ്‌തുക്കളുടെ ക്ഷാമംപ്രതിസന്ധിയാകുന്നു. കളിമൺ ഖനനത്തിനുള്ള നിയന്ത്രണങ്ങളാണ് പ്രധാന പ്രശ്നം. വില്ലേജ് ഓഫീസിൽ നിന്നുള്ള ഖനനത്തിനുള്ള സർട്ടിഫിക്കറ്റുകൾ, ജിയോളജി വകുപ്പിന്റെ പരിശോധന തുടങ്ങിയവയും കുരുക്കായി. പരിസ്ഥിതി പ്രശ്‌നം കാരണം മണ്ണെടുപ്പിന് നിയന്ത്രണമുണ്ടായി. നിയമ നടപടികളും തടസമായി. ഇതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കളിമണ്ണെത്തിക്കുന്നത്. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകാരണം പലരും മറ്റ് മേഖലകളിലേക്ക് കൂടുമാറുകയാണ്.
ബംഗളൂരുവിൽ നിന്ന് ഒരു ടോറസ് കളിമണ്ണെത്തിക്കാൻ കുറഞ്ഞത് 75,000 രൂപയാകും. 500 മൺപാത്രങ്ങൾ ചുട്ടെടുക്കാൻ രണ്ട് ടൺ വിറകിന് 6,000 രൂപയും, 500 രൂപയുടെ ചകിരിയും വേണം. കളിമണ്ണിൽ ചേർക്കുന്നതിനുള്ള ഒരു ടിപ്പർ മണലിന് 12,000 രൂപയാകും. അസംസ്‌കൃത വസ്‌തുക്കളുടെ വിലയും, പണിക്കൂലിയും കഴിഞ്ഞാൽ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. മണ്ണ് ക്ഷാമം കാരണം ചെങ്ങന്നൂരുൾപ്പെടെ മൺപാത്ര നിർമ്മാണത്തിന് പേരുകേട്ട പ്രദേശങ്ങളിലെല്ലാം മൺപാത്ര നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണിപ്പോൾ.
സഹായമില്ല, പ്രോത്സാഹനവും
സർക്കാരിൽ നിന്നടക്കം സാമ്പത്തിക സഹായമോ വിപണനത്തിന് പ്രോത്സാഹനമോ മൺപാത്ര നിർമ്മാണ മേഖലയ്‌ക്ക് കിട്ടാറില്ല. സംസ്ഥാന കളിമൺപാത്ര നിർമ്മാണ ക്ഷേമ വികസന കോർപ്പറേഷനാണ് പ്രധാന ഏജൻസി. പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബത്തിന് റോയൽറ്റി നൽകാതെ 50 ടൺ വരെ കളിമണ്ണ് ഖനനം ചെയ്യാൻ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചിരുന്നു.
'കളിമണ്ണിന്റെ ലഭ്യത ഉറപ്പാക്കണം. യന്ത്രവത്കരണത്തിനും വിപണനത്തിനുമുള്ള നടപടികളും സബ്സിഡിയോടെ വായ്പാ സഹായവും ലഭ്യമാക്കിച്ചാലേ കളിമൺപാത്ര നിർമ്മാണ മേഖലയെ സംരക്ഷിക്കാനാകൂ".
- ബാബു കക്കോടി, മൺപാത്ര നിർമ്മാണ തൊഴിലാളി
'തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും സർക്കാരിനെ സമീപിക്കും".
-ബി. സുഭാഷ് ബോസ്,
മുൻ ചെയർമാൻ, സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |