ആലപ്പുഴ: ഓണാഘോഷത്തിന് ഒരുദിവസം മാത്രം ശേഷിക്കെ, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഭാഗമായി തിരുവോണ ദിവസം വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ നേരിയ ആശങ്കയിലാണ് നാട്. ശനിയാഴ്ച മുതലുള്ള ഇടവിട്ട മഴയും ഓണാഘോഷത്തിനുള്ള ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ സ്വരുക്കൂട്ടുന്ന പൂരാട, ഉത്രാട ദിനങ്ങളിലെ മഴ മുന്നറിയിപ്പും വ്യാപാരികളുടെ ഓണപ്രതീക്ഷകളിൽ കരിനിഴൽ വീഴ്‌ത്തിയിട്ടുണ്ട്.
അത്തപ്പിറവി മുതൽ ഇന്നലെവരെയുള്ള ആകെ കച്ചവടത്തെ മറികടക്കുന്നതാണ് പൂരാട, ഉത്രാട ദിവസങ്ങളിലെ വ്യാപാരം. ഓണ സദ്യയ്ക്കുള്ള വിഭവങ്ങൾ മാത്രമല്ല കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഓണപ്പുടവ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മറ്റ് വീട്ടുസാധനങ്ങളെന്നിവയെല്ലാം ഓണക്കാലത്താണ് അധികം പേരും വാങ്ങുന്നത്. ബോണസായി ലഭിക്കുന്ന പണവും ഓണം കണക്കാക്കി മിച്ചം പിടിച്ച സമ്പാദ്യവുമെല്ലാം കൂട്ടിച്ചേർത്ത് വ്യാപാരികളുടെ ഓഫറുകൾ അവസരമാക്കിയാണ് ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൊബൈൽഫോൺ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം സ്വന്തമാക്കുന്നത്. പൊന്നിൻ ചിങ്ങമാസം വിവാഹങ്ങളുടെയും ഗൃഹപ്രവേശത്തിന്റെയും കാലമായതിനാൽ അതുമായി ബന്ധപ്പെട്ട കച്ചവടത്തിന്റെ സീസൺ കൂടിയാണിത്. ഓണക്കച്ചവടം ലാക്കാക്കി പലിശയ്ക്കെടുത്തും കടം വാങ്ങിയുമാണ് മിക്ക വ്യാപാരികളും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നത്.
ഉത്രാട രാത്രിവരെയുള്ള കച്ചവടമാണ് അവരുടെ പ്രതീക്ഷ.
ഓണത്തിന്റെ മൂഡ് കളയല്ലേ !
1.ഓണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, പകൽ സമയത്തെ നല്ല തെളിച്ചമുള്ള ആകാശവും രാത്രിയിൽ നിലാവുമുള്ള ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കാർമേഘം കോട്ടകെട്ടിയ ആകാശവും മഴപെയ്യുന്ന രാത്രിയും കച്ചവടക്കാരുടെ മാത്രമല്ല, മലയാളികളുടെ തന്നെ
ഓണത്തിന്റെ മൂഡ് കളയും
2.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പല വ്യാപാരികളും സ്ഥാപനങ്ങൾക്ക് മുന്നിൽ ഷാമിയാനയും ടാർപോളിനും മറ്റും ഉപയോഗിച്ച് പന്തലിട്ടു കഴിഞ്ഞു. എന്നാൽ, നഗരം കേന്ദ്രീകരിച്ച് തമ്പടിക്കുന്ന അന്യസംസ്ഥാനക്കാരുൾപ്പെടെയുള്ള വഴിയോരക്കച്ചവടക്കാരെയാകും മഴയും കാറ്റും പ്രതികൂലമായി ബാധിക്കുക.
3. ക്ളബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടവരും മഴ മുന്നറിയിപ്പിൽ ജാഗ്രതയിലാണ്.
നാടൻ പാട്ട്,നാടകം, മറ്റ് കലാപ്രകടനങ്ങൾ എന്നിവയ്ക്ക് പന്തലൊരുക്കേണ്ടിവരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |