SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

നെഹ്റുട്രോഫി കഴിഞ്ഞിട്ടും സമ്മാനത്തിനായി കാത്തിരിപ്പ്

k

ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയുടെ ആവേശം അവസാനിച്ചിട്ടും വള്ളങ്ങൾക്കുള്ള ബോണസിനും സമ്മാനത്തുകയ്ക്കുമുള്ള കാത്തിരിപ്പ് തുടരുന്നു. ഒട്ടേറെ ക്ലബുകളും സമിതികളും ലക്ഷങ്ങൾ കടമെടുത്തും പിരിവെടുത്തുമാണ് മത്സരത്തിൽ പങ്കെടുത്തത്. അതിനാൽ,​ പണം എപ്പോൾ ലഭിക്കുമെന്ന അന്വേഷണവുമായി സംഘാടകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിലെ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 25, 20, 15, 10 ലക്ഷം രൂപ വീതമാണ് ഇത്തവണ സമ്മാനത്തുക. ഒന്നാം സ്ഥാനത്തെത്തുന്ന വള്ളത്തിനുള്ള ബോണസ് 25 ശതമാനം വർദ്ധിപ്പിച്ച് 8.25 ലക്ഷം രൂപയാക്കിയതോടെ ജേതാവിന് സമ്മാനവും ബോണസും ചേർത്ത് 33.25 ലക്ഷം രൂപ ലഭിക്കും. കഴിഞ്ഞവർഷം ക്ലബുകൾക്കുള്ള ബോണസിനും വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റിനുമായി 1.40 കോടി രൂപ ചെലവഴിച്ചിരുന്നു. ഇത്തവണ 25 ശതമാനം വർദ്ധന വരുത്തിയതിനാൽ 1.80 കോടി രൂപയോളം വേണ്ടിവരും.

മത്സരത്തിലെ പരാതികളും ചട്ടലംഘനങ്ങളും സംബന്ധിച്ച് നിരീക്ഷകർ, സ്റ്റാർട്ടർ, അമ്പയർ എന്നിവരുടെ റിപ്പോർട്ടുകൾ ലഭിച്ച ശേഷമാകും വിതരണത്തിൽ അന്തിമ തീരുമാനം. ചട്ടലംഘനം തെളിഞ്ഞാൽ ബോണസിലും മെയിന്റനൻസ് ഗ്രാന്റിലും കുറവ് വരുത്താനും സാദ്ധ്യതയുണ്ട്.

അതേസമയം,​ സമ്മാനത്തുക, ബോണസ്, വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് എന്നിവ നൽകുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയുടെ ഗ്രാന്റ് ഈ ആഴ്ച ലഭിക്കുമെന്നാണ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി പ്രതീക്ഷിക്കുന്നത്. തുക ലഭിച്ചാൽ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ വിതരണം ചെയ്യാനാകുമെന്നും അവർ കരുതുന്നു.

കഴിഞ്ഞ വർഷം

ചെലവഴിച്ചത്

1.40 കോടി

ഇത്തവണ

വേണ്ടത്

1.80 കോടി

ഇനി സി.ബി.എൽ പോര്

നെഹ്റുട്രോഫി ജലോത്സവം കഴിഞ്ഞതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിലേക്കുള്ള ഒരുക്കത്തിലാണ് ചുണ്ടന്മാർ. നെഹ്റു ട്രോഫിയിലെ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തുന്ന ചുണ്ടൻ വള്ളങ്ങളാണ് സി.ബി.എല്ലിൽ മത്സരിക്കുന്നത്. ഫൈനലിലും ലൂസേഴ്‌സിലും മത്സരിച്ച എട്ടു വള്ളങ്ങൾക്കൊപ്പം ഒന്നാം ലൂസേഴ്സിൽ വിജയിച്ച വള്ളവും സി.ബി.എല്ലിന് യോഗ്യത നേടിയിട്ടുണ്ട്. കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, യു.ബി.സി കൈനകരി എഫ്.സിയുടെ വീയപുരം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ, നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പുണ്യാളൻ നിരണം ചുണ്ടൻ, എൻ.ബി.സി നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബിന്റെ ആർപ്പൂക്കര ചുണ്ടൻ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് സി.ബി.എല്ലിൽ മത്സരിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL