
ആലപ്പുഴ: വള്ളംകളി പ്രേമികൾ ആവേശപൂർവ്വം കാത്തിരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം സീസണിന് കരുവാറ്റയിൽ തുടക്കമായി. ആദ്യ ലീഗ് മത്സരത്തിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ മിന്നുന്ന പ്രകടനത്തോടെ ജേതാക്കളായി. കരുവാറ്റ ലീഡിംഗ് ചാനൽ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ലീഗ് മത്സരത്തിൽ വാശിയേറിയ പോരാട്ടം ആണ് നടന്നത്. സി.ബി.എല്‍ ഇതു വരെയുള്ള ആറു സീസണില്‍ ഹാട്രിക് ചാമ്പ്യന്‍മാരായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടനെ അവസാന ലാപ്പിൽ തറപറ്റിച്ചാണ് അരോമ ഒന്നാമതെത്തിയത്. നിരണം ബോട്ട് ക്ലബ്ബ്, നിരണം തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാമതെത്തി.
അരോമ ചുണ്ടന്‍ (3.26.15 മിനിറ്റ്), മേൽപ്പാടം (3.26.83 മിനിറ്റ്), നിരണം ചുണ്ടന്‍( 3.27.06 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം.
ഹീറ്റ്സിലെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ ലൈനപ്പായത്. ആദ്യ മൂന്ന് പാദത്തിലും അരോമയും മേൽപ്പാടവും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ചുണ്ടന്‍ വള്ളങ്ങളുടെ കുതിപ്പ് അവസാന ലാപ്പിലായിരുന്നു. അരോമയുടെ തുഴച്ചിൽ വേഗത്തിനൊപ്പമെത്താൻ മേൽപ്പാടത്തിനോ നിരണത്തിനോ ആയില്ല.
ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ അടുത്ത മത്സരം 23ന് കൊല്ലം കല്ലടയിൽ നടക്കും. ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |