
തുറവൂർ: ഉയരപ്പാത നിർമ്മാണത്തിനിടെ തുറവൂരിൽ പൊട്ടിയ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയോജിപ്പിച്ചതോടെ ഇന്ന് രാവിലെ മുതൽ ജലവിതരണം പൂർണമായി പുനഃസ്ഥാപിക്കും. ചോർച്ച കണ്ടെത്തിയ നാല് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് പമ്പിംഗ് പുനരാരംഭിക്കുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.
തൈക്കാട്ടുശ്ശേരി കായലിന്റെ പടിഞ്ഞാറേക്കരയിലെ പഴയ ജങ്കാർ ജെട്ടിക്ക് സമീപം, തുറവൂർ എൻ.സി.സി കവല, എരമല്ലൂർ ജംഗ്ഷൻ, ചന്തിരൂർ മേഴ്സി സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് ചോർച്ച കണ്ടെത്തിയത്. ഇതിൽ മൂന്ന് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾ ആദ്യവും ശേഷിക്കുന്ന സ്ഥലത്തെ ജോലികൾ പിന്നീട് പൂർത്തിയായിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് തുറവൂർ കവലയ്ക്ക് തെക്കുഭാഗത്താണ് 450 എം.എം. വ്യാസമുള്ള ജി.ആർ.പി. പൈപ്പ് പൊട്ടിയത്. ആഘാതത്തിൽ ഏകദേശം 12 മീറ്റർ നീളത്തിൽ പൈപ്പ് വേർപെട്ട നിലയിലായിരുന്നു. ഇടയ്ക്കിടെ പെയ്ത മഴ അറ്റകുറ്റപ്പണികൾക്ക് തടസമുണ്ടാക്കിയതായും അധികൃതർ പറഞ്ഞു.
രാത്രി പമ്പിംഗ് പുനരാരംഭിച്ച് ഇന്ന് രാവിലയോടെ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ കാരണം വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, ആരൂർ പഞ്ചായത്തുകളിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ആറു ദിവസമായി ഒരു ലക്ഷത്തോളം പേർ കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |