SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

പതിറ്റാണ്ടുകൾ പഴക്കമുള്ള ജലസംഭരണി നാടിന് ഭീഷണി

d

തുറവൂർ: വയലാർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ പഴയ കുടിവെള്ള സംഭരണി ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ തുടരുമ്പോഴും,​ ബന്ധപ്പെട്ട വകുപ്പുകളും പഞ്ചായത്ത് അധികൃതരും കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്.

പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടക്കുന്ന ജലസംഭരണി ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കെ,​ ദുരന്തം സംഭവിച്ചശേഷം മാത്രമേ അധികൃതർ ഉണരുകയുള്ളൂവെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

1980കളിൽ ശ്രീധരൻ വൈദ്യർ വയലാർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് ജലസംഭരണി നിർമ്മിച്ചത്. പിന്നീട് ജപ്പാൻ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെ ഇത് ഉപയോഗശൂന്യമായി. എന്നാൽ 45 വർഷത്തോളം പഴക്കമുള്ള കെട്ടിടം പൊളിച്ചുനീക്കാൻ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എട്ടുപുരയ്ക്കൽ വാർഡിൽ പുതിയ ജലസംഭരണി സ്ഥാപിച്ച് പഞ്ചായത്തിലെ 17 വാർഡുകളിലേക്കും കുടിവെള്ള വിതരണം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പഴയ സംഭരണി ഇന്നും ദുരന്തഭീഷണിയായി തുടരുകയാണ്. പഞ്ചായത്തിന്റെ മൂക്കിന് താഴെയുള്ള അപകടാവസ്ഥ പോലും പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങളുടെ സുരക്ഷ ആരാണ് ഉറപ്പാക്കുക എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. വലിയ ദുരന്തമുണ്ടാകുന്നതിന് മുമ്പ് പഴയ ജലസംഭരണി പൊളിച്ചുനീക്കി പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

തൂണുകൾ ദ്രവിച്ചു,​​

കമ്പികൾ തെളിഞ്ഞു

# സംഭരണിയുടെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. മുകൾഭാഗത്തും ചുറ്റുപാടുകളിലും വൻമരങ്ങൾ വളർന്നതോടെ അപകടസാദ്ധ്യത ഇരട്ടിയായിട്ടുണ്ട്

# പഞ്ചായത്ത് ഓഫീസും വായനശാല മന്ദിരവും ജലസംഭരണിക്ക് തൊട്ടടുത്തായാണ് പ്രവർത്തിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന സ്ഥലമായിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്

# ചുറ്റുമതിൽ തകർന്നു വീണിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണിയോ സുരക്ഷാ ക്രമീകരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. കാടുകയറിയ പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്

# ജലസംഭരണി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നേരത്തേ പ്രമേയം പാസാക്കി വകുപ്പുകൾക്ക് അയച്ചതാണ്. ഭൂമി പഞ്ചായത്തിന് തിരികെ ലഭിച്ചിട്ടും നടപടികൾ മുന്നോട്ടുപോകാത്തത് ജനങ്ങളിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്

വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ജലസംഭരണി ഏത് സമയവും തകർന്നുവീഴാവുന്ന അപകടാവസ്ഥയിലാണ്. സമീപ പ്രദേശവാസികൾ ഭീതിയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ സംഭരണി അടിയന്തരമായി പൊളിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിക്കണം

— ജോൺ അഗസ്റ്റിൻ, പ്രസിഡന്റ്

— സേതു, സെക്രട്ടറി

വയലാർ റെസിഡന്റ്സ് കമ്മ്യൂണിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL