ആലപ്പുഴ: സീസണിലെ ഒന്നാം വിളയുടെ നെല്ല് സംഭരണത്തിനായുള്ള കർഷക രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും നെല്ലിന്റെ പുതുക്കിയ സംഭരണ വിലയോ, നയമോ പ്രഖ്യാപിക്കാൻ കൂട്ടാക്കാതെ സർക്കാർ. ആഗസ്റ്റ് 15നാണ് ഈ സീസണിലെ നെല്ല് സംഭരണത്തിനായുളള രജിസ്ട്രേഷൻ സപ്ളൈകോ വെബ്സൈറ്റിൽ ആരംഭിച്ചത്. ഒന്നരമാസത്തിന് ശേഷം രജിസ്ട്രേഷൻ ഈമാസം 30ന് അവസാനിക്കാനിരിക്കെ നെല്ലിന്റെ സംഭരണ വില പുതുക്കാനോ, ഇക്കാര്യത്തിൽ സർക്കാർ നയം വ്യക്തമാക്കാനോ, സപ്ളൈകോയോ കൃഷി വകുപ്പോ തയ്യാറാകാത്തത് കർഷകരിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പുതുക്കിയ വിലയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരവേ നെല്ല് സംഭരണത്തിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മാർഗനിർദേശങ്ങളിലും മാറ്റമൊന്നുമില്ല.
നെല്ല് സംഭരണം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും നെല്ലിന്റെ വില കേന്ദ്രത്തിൽ നിന്ന് സപ്ലൈകോയിലേക്ക് ലഭ്യമാകുന്ന മുറയ്ക്കേ കർഷകർക്ക് നൽകാൻ സാധിക്കൂവെന്നുമാണ് കഴിഞ്ഞവർഷം സൈറ്റിലുൾപ്പെടുത്തിയ പ്രധാന മാർഗനിർദേശം. ഇതിന് പുറമേ ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നത് അടക്കം ഏത് നടപടിയും സ്വീകരിക്കുന്നതിന് സ പ്ലൈകോയ്ക്ക് പൂർണ അധികാരം ഉണ്ടെന്നും ഇത് എതിർപ്പില്ലാതെ കർഷകർ അംഗീകരിക്കണമെന്ന നിർദേശവുമുൾപ്പെടുത്തി. സപ്ലൈകോ നിർദേശിക്കുന്ന സ്ഥലത്ത് വള്ളത്തിലോ വാഹനത്തിലോ തലച്ചുമടായോ കർഷകൻ നെല്ലെത്തിച്ചുനൽകണമെന്ന നിർദേശവും നിലവിലുണ്ട്. ഇതെല്ലാം അംഗീകരിച്ച് സത്യവാങ്ങ് മൂലം നൽകിയാലേ നെല്ല് സംഭരണ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആകൂ. അതേസമയം, നെല്ല് സംഭരിച്ചാൽ 48 മണിക്കൂറിനകം പണം നൽകണമെന്നാണ് 2019 ൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പാസാക്കിയ ധാരണപത്രമെങ്കിലും നാളിതുവരെ ഇതും നടപ്പിലായിട്ടില്ല.
വർദ്ധിപ്പിച്ച ആനുകൂല്യത്തിലും ആശങ്ക
1. അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നെല്ലിന്റെ ഉൽപ്പാദന ചെലവ് കൂടിയിരിക്കെ കേന്ദ്രം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച വർദ്ധനയുടെ ആനുകൂല്യം പോലും കർഷകർക്ക് ലഭ്യമാകുമോയെന്ന കാര്യം ഇനിയും വ്യക്തമല്ല.
2.നെല്ല് കിലോ ഗ്രാമിന് കഴിഞ്ഞ വർഷം 72 പൈസയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. അതനുസരിച്ച് ഇത്തവണ കേന്ദ്ര വിഹിതമായി 24.41 പൈസയും നിലവിലെ സംസ്ഥാനത്തെ പ്രോത്സാഹന ബോണസായ 6.31 പൈസയും ചേർത്ത് 30.72 പൈസ ലഭിക്കണം
3. കേന്ദ്രവർദ്ധന നടപ്പാക്കുന്നതിലോ പ്രോത്സാഹന ബോണസിലെന്തെങ്കിലും വിധത്തിലുള്ള വർദ്ധനയിലോ സംസ്ഥാനം ഇതുവരെ നയം വ്യക്തമാക്കിയിട്ടുമില്ല.
കഴിഞ്ഞ സീസണിൽ നെൽ വിലയായി 11 കോടിരൂപയാണ് ജില്ലയിൽ മാത്രം കിട്ടാനുള്ളത്
.....................................
നെല്ല് സംഭരണം
ഒന്നാം വിള രജിസ്ട്രേഷൻ
കർഷകർ: 7627
വിസ്തൃതി: 13,117ഹെക്ടർ
.....................................
നെല്ല് സംഭരണ രജിസ്ട്രേഷൻ ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നെല്ലിന്റെ വില വർദ്ധിപ്പിക്കാനോ, നയം പ്രഖ്യാപിക്കാനോ, സപ്ളൈകോയോ സർക്കാരോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.
- സോണിച്ചൻ പുളിങ്കുന്ന്, സെക്രട്ടറി ,നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |