SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

സേവനം പുനരാരംഭിച്ച് 'ആരോഗ്യനൗക' ബോട്ട്

ആലപ്പുഴ : വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിൽ രോഗികളുടെ വീട്ടുപടിക്കലെത്തി ചികിത്സ നൽകിയിരുന്ന ഹോമിയോപ്പതി വിഭാഗത്തിന്റെ ആരോഗ്യനൗക സർവീസ് പുനരാരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച സംസ്ഥാന ആയുഷ് വകുപ്പിന്റെ ഫ്ളോട്ടിംഗ് ഡിസ്‌പെൻസറികൾക്ക് സർക്കാർ പദ്ധതി ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയതോടെയാണ് സേവനം പുനരാരംഭിക്കാനായത്.

76.17 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം ഹോമിയോപ്പതി വിഭാഗത്തിന് പദ്ധതിവിഹിതം അനുവദിക്കാതിരുന്നതാണ് ആരോഗ്യനൗകയുടെ പ്രവർത്തനം പ്രതിസന്ധിയിലാകാൻ കാരണമായത്. പ്ലാൻ ഫണ്ട് ഉപയോഗിച്ചിരുന്ന പദ്ധതിയിൽ ഫണ്ട് ലഭിക്കാതായതോടെ ജീവനക്കാർക്ക് ഏഴുമാസമായി ശമ്പളവും ലഭിച്ചിരുന്നില്ല. ബോട്ടുകളുടെ വാടകയും കുടിശികയായി.

ഒരു ബോട്ടിന് പ്രതിമാസം 55,000രൂപയാണ് വാടക. വാടക കുടിശികയായതിനെ തുടർന്ന് ഈ മാസം ഒന്നുമുതൽ ബോട്ട് ഉടമകൾ സർവീസ് നിറുത്തിയതോടെ ചമ്പക്കുളം, ഹരിപ്പാട്, കുട്ടനാട് മേഖലകളിലായി പ്രവർത്തിച്ചിരുന്ന മൂന്ന് ആരോഗ്യനൗകകളുടെയും സേവനം നിലച്ചിരുന്നു.

റോഡ് സൗകര്യം പരിമിതമായതും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രദേശങ്ങളിലെത്തിയാണ് ആരോഗ്യനൗക ചികിത്സ നൽകിയിരുന്നത്. ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകും. ജീവിതശൈലീരോഗങ്ങളുടെ ചികിത്സയും രോഗനിർണയവും കൂടാതെ പകർച്ചവ്യാധി പ്രതിരോധം, ആരോഗ്യബോധവത്കരണം തുടങ്ങിയ സേവനങ്ങളും പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു പ്രവർത്തനം. ദിവസവും രണ്ട് മുതൽ അഞ്ച് കേന്ദ്രങ്ങളിൽവരെ ബോട്ട് എത്തിയിരുന്നു.

പദ്ധതിക്ക് അനുവദിച്ചത്

₹76.17 ലക്ഷം

ജില്ലയിൽ ബോട്ടുകൾ

3

അനുവദിച്ചത് കുടിശിക ശമ്പളം ഉൾപ്പടെ

 ആരോഗ്യനൗകയിലെ ജീവനക്കാരുടെ കുടിശ്ശിക ഉൾപ്പെടെയുള്ള ശമ്പളവും ഇനി ലഭ്യമാക്കും

 ഓരോ ബോട്ടിലും മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, അറ്റൻഡർ, വോളന്റിയർ എന്നിവരടങ്ങുന്ന നാലംഗ സംഘമാണുള്ളത്

 മൂന്ന് ബോട്ടുകളുടെ പ്രവർത്തനത്തിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപ ആവശ്യമായി വരും

 ഇവ കൂടാതെ മരുന്ന്, ചികിത്സാ സാമഗ്രികൾ എന്നിവയ്ക്കും പണം വേണം

 മെഡിക്കൽ ഓഫീസർക്ക് 46320 രൂപയും ഫാർമസിസ്റ്റിന് 23410 രൂപയുമാണ് പ്രതിമാസവേതനം

 അറ്റൻഡർക്ക് 19,310 രൂപയും വോളണ്ടിയർക്ക് 8,000 രൂപയുമാണ് വേതനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL