SignIn
Kerala Kaumudi Online
Thursday, 08 October 2026 3.31 AM IST

നിയമം ലംഘിച്ച് വാഹനങ്ങൾ, എൻ.എച്ചിൽ അപകടഭീഷണി

d

അരൂർ: കോട്ടപ്പുറം റോഡിൽ നിന്ന് അരൂർ പള്ളി ഭാഗത്തെ ദേശീയപാതയിലേക്ക് വാഹനങ്ങൾ വിപരീത ദിശയിൽ പ്രവേശിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. അരൂക്കുറ്റി ഫെറി റോഡിൽ നിന്ന് ഇല്ലത്തുപടി വഴി പള്ളിയറക്കാവ്–കോട്ടപ്പുറം റോഡിലെത്തുന്ന വാഹനങ്ങളാണ് ഗതാഗതനിയമം ലംഘിച്ച് എതിർദിശയിലേക്ക് കടക്കുന്നത്. കുമ്പളം ഭാഗത്തുനിന്ന് അരൂർ ബൈപാസ് വഴി പള്ളി കവലയിലെത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ചേർത്തല ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കോട്ടപ്പുറം റോഡിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാത മുറിച്ചുകടന്ന് ഇടക്കൊച്ചി–വൈറ്റില ഭാഗത്തേക്ക് പോകുന്നത്.

കോട്ടപ്പുറം റോഡിന് നേരെ എതിർവശത്തേക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ ഇവിടെ ക്രോസിംഗ് അനുവദിച്ചിട്ടില്ല. ഉയരപ്പാതയുടെ തൂണുകൾ സംരക്ഷിക്കുന്നതിനായി മീഡിയൻ ഉയർത്തിക്കെട്ടിയിരിക്കുന്നതിനാൽ നേരിട്ട് എതിർവശത്തേക്ക് കടക്കാനും കഴിയില്ല. നിയമാനുസൃതമായി എതിർവശത്തെ പാതയിലെത്താൻ കോട്ടപ്പുറം റോഡിൽ നിന്ന് ദേശീയപാതയിലൂടെ അര കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ച് മൾട്ടി പർപ്പസ് റോഡിന് സമീപത്തെ മീഡിയൻ ഗ്യാപ്പിലൂടെ തിരിഞ്ഞുവരണം. എന്നാൽ ഈ ദൂരം ഒഴിവാക്കുന്നതിനായി ചില വാഹനങ്ങൾ കോട്ടപ്പുറം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങി എതിർദിശയിൽനിന്ന് അതിവേഗത്തിലെത്തുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്നതാണ് അപകടസാദ്ധ്യത വർധിപ്പിക്കുന്നത്.

കൂട്ടയിടി ഒഴിവാകുന്നത് തലനാരിഴയ്ക്ക്

 രാവിലെയും വൈകിട്ടും ഗതാഗതത്തിരക്ക് വർദ്ധിക്കുന്ന സമയത്താണ് നിയമലംഘനങ്ങൾ കൂടുതലായി നടക്കുന്നത്

 എതിർദിശയിൽ നിന്ന് വാഹനങ്ങൾ അതിവേഗത്തിൽ എത്തുന്നതിനാൽ പലപ്പോഴും കൂട്ടയിടി തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്

 ട്രാഫിക് വാർഡന്മാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്ന സമയത്തുപോലും ചില വാഹനങ്ങൾ നിർദേശം അവഗണിച്ച് എത്താറുണ്ട്

ദേശീയപാതയിലെ ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ഇവിടെ ഗതാഗത നിയന്ത്രണം ശക്തമാക്കണം. നിയമവിരുദ്ധമായി ദേശീയപാത മുറിച്ചുകടക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം

- നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL