SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

ഭക്ഷണവിതരണത്തിൽ കൈയുറയും തൊപ്പിയും മാനദണ്ഡത്തിൽ മാത്രം!

ആലപ്പുഴ : പരിശോധനകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഭക്ഷണശാലകളിൽ പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ഹാൻഡ് ഗ്ലൗസ് (കൈയുറ) ധരിക്കണമെന്ന മാനദണ്ഡം പൂർണമായി പാലിക്കപ്പെടുന്നില്ല. ഭക്ഷ്യവിഭവങ്ങളടക്കം പലവിധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന അതേ കൈകൊണ്ടു തന്നെയാണ് ഭക്ഷണം വിളമ്പുന്നതും. വിരലുകളിലും നഖങ്ങൾക്കിടയിലുമുള്ള ബാക്ടീരിയകളും വൈറസുകളും ഭക്ഷണത്തിലൂടെ മറ്റുള്ളവരിലേക്ക് പകരാൻ സാദ്ധ്യതയുണ്ടായിട്ടും ലാഘവ മനോഭാവം തുടരുകയാണ്.

പഴകിയ ഭക്ഷ്യവസ്തുക്കൾ, പുനരുപയോഗം ചെയ്യുന്ന എണ്ണ, പരിസര ശുചിത്വം എന്നീ മാനദണ്ഡങ്ങൾ കേന്ദ്രീകരിച്ചാണ് ഭക്ഷ്യ - ആരോഗ്യ വിഭാഗങ്ങളുടെ പരിശോധന നടന്നുവരുന്നത്. ജീവനക്കാരുടെ വ്യക്തിശുചിത്വം പലപ്പോഴും ഗൗരവമായി കണക്കാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. എല്ലാ ജീവനക്കാരും ആരോഗ്യ വകുപ്പിലെ അംഗീകൃത ഡോക്ടറുടെ പക്കൽ നിന്നും നേടിയ ഹെൽത്ത് കാർഡ് കൈവശം വച്ചിരിക്കണമെന്നാണ് നിയമം. തട്ടുകടകളടക്കം പല സ്ഥാപനങ്ങളിലും ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ല. നഗരത്തിലെ പല തട്ടുകടകളും അന്യസംസ്ഥാനക്കാരാണ് നടത്തിവരുന്നത്. ഇവിടങ്ങളിൽ തുടർച്ചയായ പരിശോധനകൾ നടക്കാത്തത് വൃത്തിഹീനമായ അന്തരീക്ഷത്തിലേക്ക് പോകാൻ കാരണമായിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു.

ഹെൽത്ത് കാർഡുള്ളവരും കുറവ്

 ഭക്ഷണം പാകം ചെയ്യുന്നവരും വിളമ്പുന്നവരും വൃത്തിയുള്ള വസ്ത്രങ്ങളും, ഏപ്രൺ , തലമുടി മൂടുന്ന തരത്തിലെ തൊപ്പി , കൈയുറകൾ എന്നിവ ധരിക്കണം

 പാചകത്തിനും പാത്രങ്ങൾ കഴുകുന്നതിനും കുടിവെള്ളത്തിനും സുരക്ഷിതമായ ശുദ്ധജലം മാത്രം ഉപയോഗിക്കുക.

ഐസ് ഉപയോഗിക്കുന്നെങ്കിൽ അത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം.

എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

ഖര-ദ്രവ മാലിന്യങ്ങൾ വലിച്ചെറിയാതെ, അടപ്പുള്ള വേസ്റ്റ് ബിന്നുകളിൽ ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിർദ്ദേശപ്രകാരം ശാസ്ത്രീയമായി സംസ്കരിക്കണം

 പരിസരം എപ്പോഴും ഈച്ചയും മറ്റു കീടങ്ങളും ഇല്ലാത്ത രീതിയിൽ വൃത്തിയായി സൂക്ഷിക്കണം.

പാകം ചെയ്ത ഭക്ഷണങ്ങൾ പൊടിശല്യവും ഈച്ചയും ഏൽക്കാത്ത വിധം മൂടിവെക്കണം

പാഴ്സൽ നൽകുന്ന ഭക്ഷണപ്പൊതികളിൽ ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമുള്ള ലേബലോ സ്റ്റിക്കറോ പതിച്ചിരിക്കണം

അടുത്തിടെ തട്ടുകടൾ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ തെളിമയിൽ എണ്ണയുടെ പുനരുപയോഗം കണ്ടെത്തി. വ്യക്തിശുചിത്വമടക്കം ഉറപ്പാക്കുന്നതിന് പരിശോധനകൾ ശക്തമാക്കും

- വൈ.ജെ.സുബിമോൾ, ഭക്ഷ്യസുരക്ഷാവിഭാഗം അസി കമ്മീഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL